ജില്ലയിലെ 25 സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ പ്രധാനധ്യാപകരില്ല; സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു.

കല്‍പ്പറ്റ: ജില്ലയിലെ 25 സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലെ പ്രധാനധ്യാപകരുടെ കസേര ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് 4 മാസം തികയുന്നു. അധ്യയന വര്‍ഷം തുടങ്ങി പാദവാര്‍ഷിക പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ ഓണാവധിക്ക് അടക്കാറായിട്ടും പ്രധാനധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനായിട്ടില്ല. സ്ഥാപനമേധാവിയില്ലാത്തതിനാല്‍ സ്‌കൂളുകളിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെ ക്ലാസ്തല പരിശോധനയടക്കമുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര പ്രവര്‍ത്തനങ്ങള്‍, വിവിധ മേളകള്‍, അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ സേവന-വേതന കാര്യങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.

 

ജില്ലയില്‍ 62 സര്‍ക്കാര്‍ ഹൈസ്‌കൂളുകളാണ് നിലവിലുള്ളത്. അതില്‍ 25 സ്‌കൂളുകളിലും മെയ് മാസം മുതല്‍ പ്രധാനധ്യാപക തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. വിരമിക്കല്‍, സ്ഥലം മാറ്റം തുടങ്ങിയവയിലൂടെയാണ് ഇത്രയധികം തസ്തികകള്‍ പൊടുന്നനെ ഒഴിവ് വരാന്‍ കാരണമായത്. ഒഴിവുകൾ മുൻകുട്ടി നിശ്ചയിച്ച് അധ്യാപകരുടെ ലിസ്റ്റ് തയ്യാറാക്കുകയും അതിൽ നിന്ന് നിയമിക്കുകയാണ് ചെയ്തിരുന്നത്.നിയമനം നടക്കാതായതോടെ സ്ഥാന കയറ്റം പ്രതീക്ഷിക്കുന്ന ഹൈസ്‌കൂള്‍ സീനിയര്‍ അധ്യാപകര്‍ കടുത്ത നിരാശയിലാണ്.

 

സ്ഥാപന മേധാവികളായി സ്ഥാനകയറ്റത്തിന് അര്‍ഹരായ അധ്യാപകരെ അതത് അക്കാദമിക വര്‍ഷത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍ കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍,മെയ് മാസങ്ങളില്‍ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ജൂണ്‍ മാസം സ്‌കൂള്‍ തുറക്കുന്നതിന് മുമ്പെ ഒരുക്കങ്ങള്‍ പുതിയ പ്രധാനധ്യാപകന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കാനും സ്കൂൾ പ്രവേശനോൽസവമടക്കം നടത്താനുമാണ് വേനലവധിക്കാലത്ത് നിയമനം പൂര്‍ത്തിയാക്കുന്നത്. മികവിനായുള്ള സ്‌കൂള്‍ വിദ്യാഭ്യാസം എം.എ.ഖാദര്‍ ചെയര്‍മാനായ വിദഗ്ദസമിതി റിപ്പോര്‍ട്ടിലും ഇക്കാര്യം ഗൗരവമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കീഴ് വഴക്കങ്ങളും സമിതി റിപ്പോര്‍ട്ടുകളും പാലിക്കാതെയാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോവുന്നത്.

 

എല്‍.എസ്.എസ്, യു.എസ്.എസ്, പരീക്ഷകളിലും എസ്.എസ്.എല്‍.സി പൊതുപരീക്ഷയടക്കം സംസ്ഥാന തലത്തില്‍ വയനാട് ജില്ല ഏറ്റവും പിന്നിലാണ്. കഴിഞ്ഞ വർഷമടക്കം കൂടുതൽ കൂട്ടികൾ തുടർപഠനത്തിന് യോഗ്യരാവാതെ പോയത് സർക്കാർ സ്കൂളുകളിൽ നിന്നായിരുന്നു. ഇക്കാരണത്താൽ ഗവ: ഹൈസ്കുളുകളിൽ കുട്ടികളുടെ പ്രവേശനം ഗണ്യമായി കുറവുണ്ടായിട്ടുണ്ട്.

 

സ്‌കൂള്‍ തലത്തില്‍ അക്കാദമിക പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വവും ഏകോപനവും നടത്തേണ്ട പ്രധാനധ്യാപകര്‍ ഇല്ലാതെയാണ് ജില്ലയിലെ ഹൈസ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ജില്ലയുടെ വിദ്യാഭ്യാസ ഗുണനിവാരത്തെ സാരമായി ബാധിക്കും. ഇതാദ്യമായാണ് ഇത്രയധികം ഉന്നത തസ്തികയിലെ കസേരകള്‍ ഒരുമിച്ച് ഒഴിഞ്ഞ്കിടക്കുന്നത്. ഒഴിവുകൾ നികത്തുന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ തുടര്‍ന്നാല്‍ സ്ഥാനകയറ്റത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും നിയമനം നടത്താനും ഇനിയും കാലതാമസമെടുക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *