കൊച്ചി: ഭാര്യയുടെ സ്വർണം സമ്മതമില്ലാതെ ഭർത്താവ് പണയം വെക്കുന്നത് വിശ്വാസവഞ്ചനയുടെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ ലോക്കറിൽ സൂക്ഷിക്കാനായി നൽകിയ 50 പവൻ സ്വന്തം ആവശ്യത്തിനായി ബാങ്കിൽ പണയംവെച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് കോടതി ഭർത്താവിന് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചു. ഇത് ചോദ്യം ചെയ്താണ് ഇയാൾ കാസർകോട് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ശിക്ഷ ശരിവെച്ചത്. സ്വർണം ബാങ്കിൽ പണയം വെച്ച ശേഷം ഇയാൾ ലോക്കറിൽ സൂക്ഷിച്ചതായുള്ള വ്യാജ രേഖകൾ കാണിച്ച് ഭാര്യയെ വിശ്വസിപ്പിച്ചു. ഇരുവരുടെയും ദാമ്പത്യത്തിൽ പ്രശ്നമുണ്ടായതോടെ ഭാര്യ സ്വർണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് സ്വർണം ബാങ്കിൽ പണയപ്പെടുത്തിയതായി അറിയുന്നത്. തുടർന്ന് ഭർത്താവിനെതിരെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.