കോയമ്പത്തൂർ : വാല്‍പ്പാറയില്‍ ആറ് വയസുകാരിയുടെ ജീവനെടുത്ത പുലിയെ തിരഞ്ഞ് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. ജനവാസമേഖലയോട് ചേര്‍ന്നുള്ള തേയിലത്തോട്ടത്തില്‍ ആറിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ കെണി സ്ഥാപിച്ച് പുലിയെ പിടികൂടും.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കരുമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി അനുല്‍ അന്‍സാരിയുടെ ആറ് വയസുകാരിയായ മകള്‍ അപ്സരയെ പുലി ആക്രമിച്ച് കൊന്നത്. തേയില തോട്ടത്തിന്‍റെ മറപറ്റി നിന്നിരുന്ന പുലി ചാടിവീണ് കുട്ടിയെ കടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കൂട്ടി പുലിയെ തുരത്തിയെങ്കിലും ആറ് വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ആശങ്കയിലായ തോട്ടം തൊഴിലാളികള്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുന്ന സ്ഥിതിയെത്തി. ജനവാസമേഖലയില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന പുലിയെ പിടികൂടണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതെത്തുടര്‍ന്നാണ് വനംവകുപ്പ് തേയില തോട്ടത്തില്‍ ഉള്‍പ്പെടെ ആറിടങ്ങളിലായി കാമറ സ്ഥാപിച്ചത്. ക്യാമറയില്‍ പുലി പതിഞ്ഞാല്‍ പിന്നാലെ കെണിയൊരുക്കി പുലിയെ കുടുക്കും. തോട്ടങ്ങളില്‍ പതിവായി ജോലിക്കെത്തുന്നവര്‍ പോലും പുലിയെപ്പേടിച്ച് വീട്ടിലിരിക്കുന്ന സ്ഥിതിയാണ്.