കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമർപ്പിച്ചത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റിൽ എത്തിയിരുന്നു. വയനാട്ടിൽ മത്സരിക്കാനാവുന്നതിൽ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താൽ ഭാഗ്യമായി കരുതുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് സോണിയ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. വയനാടിനെ കൈവിടില്ലെന്നും ഏത് സങ്കടത്തിലും സന്തോഷത്തിലും ഒപ്പമുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി വോട്ടർമാരെ അഭിസംബോധന ചെയ്‌ത് പറഞ്ഞു. ഇത് എന്റെ പുതിയ യാത്രയാണ്. ഇതിൽ നിങ്ങൾ ഓരോരുത്തരുമാണ് ഗുരുക്കൻമാരാണ്. രാഹുലിന് പോരാടാനുള്ള കരുത്ത് നൽകിയത് വയനാടാണ്. എന്റെ കുടുംബം വയനാടിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, മറ്റു കോൺഗ്രസ് നേതാക്കൾ തുടങ്ങിയ നിരവധി പേർ കൽപ്പറ്റയിലെ പൊതുപരിപാടിയിൽ പങ്കെടുത്തു.