മേപ്പാടി: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവന്‌നഷ്‌ടമായവരുടെ ഓർമ്മകൾ ഉറങ്ങുന്ന പുത്തുമലയിലെ ശ്മശാനഭൂമിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയങ്കാഗാന്ധിയും രാഹുൽഗാന്ധിയും. വയനാട് കലക്‌ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു ശേഷമായിരുന്നു ഇരുവരും ഉച്ചയ്ക്കു ശേഷം പുതുമലയിൽ ഉരുൾ ദുരന്തത്തിൽ ജീവന് നഷ്‌ടമായവരെയും തിരിച്ചറിയാത്തവരെയും സംസ്‌കരിച്ചത്. കുഴിമാടങ്ങളിൽ പുഷ്പചക്രങ്ങളും പുഷ്പങ്ങളുമർപ്പിച്ച് ആദരാഞ്‌ലികൾ അർപ്പിച്ചു. ദുരന്തത്തിൽ മരിച്ചവരുടെയും, ലഭിച്ച മൃതദേഹങ്ങളുടെയും വിവരങ്ങൾ പ്രിയങ്ക ഗാന്ധി അഡ്വ. ടി സിദ്ധിഖ് എം എൽ എയോട് ചോദിച്ചറിഞ്ഞു.
ദുരന്തത്തിൽ മരിച്ചവരുടെയും ലഭിച്ച മൃതദേഹങ്ങൾ, ഡി എൻ എ ടെസ്റ്റുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ സിദ്ധിഖ് പ്രിയങ്കാഗാന്ധിയോട് വിശദീകരിച്ചു. ഉരുൾദുരന്തമുണ്ടായ സമയത്ത് രാഹുൽഗാന്ധിക്കൊപ്പം പ്രിയങ്കയും ദുരന്തമേഖലകളിൽ സന്ദർശനം നടത്തിയിരുന്നു. പ്രിയങ്കാഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര, മകൻ റെയ്ഹാൻ വദ്ര, പി പി ആലി, ടി ഹംസ, ബി സുരേഷ്ബാബു, രാധാ രാമസ്വാമി, അഷ്‌റഫ് തുടങ്ങിയവരും ഇരുവരോടുമൊപ്പമുണ്ടായിരുന്നു.