തൃശൂർ : തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജി എസ് ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം പിടിച്ചെടുത്തു. അഞ്ചു കൊല്ലത്തെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്‌ച രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 700ലധികം ഉദ്യോഗസ്ഥരടങ്ങിയ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിലെയും തൃശൂർ നഗരത്തിലെയും സ്വർണ വ്യാപാര കേന്ദ്രങ്ങളിലും സ്വർണക്കടകളിലും ഒരേസമയം റെയ്‌ഡ് നടത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് തുടങ്ങിയ പരിശോധന ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്
സംസ്ഥാനത്ത് സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ തൃശൂർ നഗരപരിധിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. സ്വർണത്തട്ടിപ്പ് സംഘങ്ങളും സജീവമാണ്. ചെറുതും വലുതുമായ നൂറുകണക്കിന് സ്വർണാഭരണ നിർമാണ ശാലകളും സ്വർണാഭരണ മൊത്ത വ്യാപാര സ്ഥാപനങ്ങളും ജില്ലയിലുണ്ട്. തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജി എസ് ടി റെയ്‌ഡ് നടക്കുന്നത്.
സംസ്ഥാന ജി എസ് ടി ഇൻ്റലിജൻസ് സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ്. ജി എസ് ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്നാണ് പരിശോധനയുടെ പേര്