മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ മരിച്ചു. രാമപുരം ജംസ് കോളേജ് വിദ്യാർത്ഥികളായ വേങ്ങര കുരിയാട് സ്വദേശി ഹസൻ ഫദൽ (19) പാക്കടപുയ ഇസ്മായിൽ നബീബ് (19) എന്നിവരാണ് മരണപ്പെട്ടത്.
അപകടത്തിൽപ്പെട്ട ബൈക്കിന്റെ പിന്നിലിരുന്ന ഇസ്മായിൽ ലബീബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇസ്മായിൽ ലബീബിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകുന്നേരം 3.30 ഓടെ പനങ്ങാങ്ങര 38ൽ ആണ് അപകടമുണ്ടായത്. അമിത വേഗതയിൽ വന്ന ബൈക്ക് എതിർ ദിശയിൽ വന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മരണപ്പെട്ട ഇരുവരും രാമപുരം ജെംസ് കോളേജിലെ ഒന്നാം വർഷ ബി.എം.എം.സി വിദ്യാർത്ഥികളാണ്. ഇരുവരുടെയും മൃതദേഹങ്ങൾ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. മലപ്പുറത്ത് ഇന്ന് രാവിലെ മറ്റ് രണ്ട് പേരും വാഹനാപകടത്തിൽ മരിച്ചിരുന്നു.