കൊച്ചി: ബലാത്സംഗം നേരിട്ട അതിജീവിതയായ കൗമാരക്കാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകാതെ ഹൈക്കോടതി. 16കാരിയായ തൃശൂർ സ്വദേശിനിയുടെ കുടുംബം നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.27 ആഴ്ച പിന്നിട്ട ഗർഭഛിദ്രത്തിനായിരുന്നു അതിജീവിതയുടെ മാതാപിതാക്കൾ അനുമതി തേടിയത്. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
ഗർഭം 24 ആഴ്ച പിന്നിട്ട് കഴിഞ്ഞാൽ അനുമതി നൽകേണ്ടത് കോടതിയായതിനാൽ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടസ്ഥാനത്തിലാണ് ഹൈക്കോടതി അനുമതി നിഷേധിച്ചത്.പെൺകുട്ടി പ്രസവിക്കുന്നതാണ് അതിജീവിതയുടെ ആരോഗ്യത്തിന് സുരക്ഷിതമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. അനുമതി നിഷേധിച്ച കോടതി സാധാരണരീതിയിൽ മുന്നോട്ടുപോകണമെന്ന് നിർദേശിച്ചു.