ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ കാലിലാണ് വെടിയേറ്റത്. ഇന്ന് പുലർച്ചെ കൊൽക്കത്തയ്ക്ക് തിരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. നടൻറെ കാലിൽ നിന്നും വെടിയുണ്ട നീക്കം ചെയ്തതായും നില തൃപ്തികരമാണെന്നും അദ്ദേഹത്തിൻറെ മാനേജർ അറിയിച്ചു.
പുലർച്ചെ 6 മണിക്ക് കൊൽക്കത്തയിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ ഗോവിന്ദയും മാനേജരും പോകേണ്ടതായിരുന്നു. താൻ നേരത്തേ വിമാനത്താവളത്തിൽ എത്തിയിരുന്നെന്നും അവിടേക്ക് എത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റതെന്നും മാനേജർ പറയുന്നു. ലൈസൻസ് ഉള്ള റിവോൾവർ അദ്ദേഹം ഒരു കേസിലാണ് സൂക്ഷിച്ചിരുന്നത്. അത് കൈയിൽ നിന്നും താഴെ വീണപ്പോൾ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. ഡോക്ടർ വെടിയുണ്ട നീക്കം ചെയ്തു, മാനേജർ പറയുന്നു.
അതേസമയം ഒരു കാലത്ത് ബോളിവുഡിൽ ഏറെ തിരക്കുണ്ടായിരുന്ന ഗോവിന്ദ ഇപ്പോൾ സിനിമയിൽ സജീവമല്ല. 2019 ൽ പുറത്തെത്തിയ രംഗീല രാജയാണ് പുറത്തെത്തിയ അവസാന ചിത്രം. എന്നാൽ ടെലിവിഷൻ റിയാലിറ്റി ഷോകളുടെ അവതാരകനായും വിധികർത്താവായും ഗോവിന്ദ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നുണ്ട്
.