ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ വ്യാജഡോക്ടർ അറസ്റ്റില്‍.

കോഴിക്കോട് : കടലുണ്ടി കോട്ടക്കടവിലെ ടി.എം.എച്ച്‌. ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തില്‍ വ്യാജഡോക്ടർ അറസ്റ്റില്‍.  കടലുണ്ടി പൂച്ചേരിക്കുന്ന് പെട്രോള്‍ പമ്ബിന് സമീപം താമസിക്കുന്ന പച്ചാട്ട് ഹൗസില്‍ വിനോദ് കുമാറിന്റെ (60) മരണം ചികിത്സപ്പിഴവെന്ന് ആരോപിച്ച്‌ കുടുംബം നല്‍കിയ പരാതിയിലാണ് ആർ.എം.ഒ. ആയിരുന്ന പത്തനംതിട്ട ചാത്തനേരി വലിയപറമ്പില്‍ വീട്ടില്‍ അബു എബ്രഹാം ലൂക്കിനെ (30) തിങ്കളാഴ്ച രാത്രി ഫറോക്ക് പോലീസ് അറസ്റ്റുചെയ്തത്.

 

എം.ബി.ബി.എസ്. പൂർത്തിയാക്കാതെയാണ് പ്രതി ചികിത്സ നടത്തിയതെന്നാണ് കണ്ടെത്തിയത്. വഞ്ചന, ആള്‍മാറാട്ടം, ഇന്ത്യൻ മെഡിക്കല്‍ കൗണ്‍സില്‍ ആക്‌ട്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് അസി. കമ്മിഷണർ എ.എം. സിദ്ദീഖ് പറഞ്ഞു.

 

സെപ്റ്റംബർ 23-ന് പുലർച്ചെ 4.30-ഓടെയാണ് വിനോദ് കുമാറിനെ നെഞ്ചുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധന നടത്താതെ രക്തപരിശോധനയാണ് നടത്തിയതെന്നും തുടർന്ന് അരമണിക്കൂറിനകംരോഗി മരിച്ചെന്നുമാണ് കുടുംബം പറയുന്നത്. 27-ന് വിനോദ് കുമാറിന്റെ സഹോദരന്റെ ചികിത്സയ്ക്കായി വിനോദ് കുമാറിന്റെ മകനും ഡോക്ടറുമായ അശ്വിനും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഇവർ നടത്തിയ അന്വേഷണത്തില്‍ അബു എബ്രഹാം ലൂക്കിന് എം.ബി.ബി.എസ്. ബിരുദമില്ലെന്ന് മനസ്സിലാക്കി. തുടർന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അഞ്ചുവർഷമായി അബു എബ്രഹാം ഇവിടെ ആർ.എം.ഒ. ആയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

 

ചില ആശുപത്രികളില്‍ ജോലിചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആഴ്ചയില്‍ രണ്ടുദിവസം അബു എബ്രഹാം ആർ.എം.ഒ. ആയി ആശുപത്രിയില്‍ ജോലിചെയ്തിരുന്നുവെന്ന് ആശുപത്രി മാനേജർ പി. മനോജ് പറഞ്ഞു. ഇപ്പോള്‍ ജോലിയില്‍നിന്ന് നീക്കിയതായും അദ്ദേഹം പറഞ്ഞു. ഇയാള്‍ 2011-ല്‍ എം.ബി.ബി.എസ്. പഠനത്തിന് ചേർന്നതായ വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ജോലിക്ക് പ്രവേശിക്കുമ്ബോള്‍ ഡോക്ടറായി എൻറോള്‍ ചെയ്ത രജിസ്റ്റർ നമ്പർ ആശുപത്രിക്ക്നല്‍കിയിരുന്നതായി മാനേജർ പറഞ്ഞു. അത് വ്യാജമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *