തെൽഅവീവ്: ഇസ്രായേലിനെ ഭീതിയിലാഴ്ത്തി ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനിടെ ഏകദേശം ഒരുകോടി ഇസ്രായേൽ പൗരന്മാർ ബങ്കറുകളിൽ അഭയം തേടിയതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്. ഇസ്രായേലിന് നേരെ 181 ബാലിസ്റ്റിക് മിസൈലുകളാണ് ചൊവ്വാഴ്ച രാത്രി ഇറാൻ തൊടുത്തുവിട്ടതെന്നും സൈന്യം അറിയിച്ചു.
അമേരിക്കയുടെ സഹായത്തോടെ ഈ മിസൈലുകളിൽ അധികവും പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. അതിനിടെ, മധ്യ ഇസ്രായേലിലെ ഗദേരയിലെ ഒരു സ്കൂൾ റോക്കറ്റ് ആക്രമണത്തിൽ തകർന്നു. റോക്കറ്റ് പതിച്ചതിന്റെ ഫോട്ടോകളും വിഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആർക്കും പരിക്കില്ലെന്ന് ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡ് മേധാവി മേജർ ജനറൽ റാഫി മിലോ പറഞ്ഞു. വെസ്റ്റ്ബാങ്കിൽ ഒരു ഫലസ്തീൻ പൗരൻ കൊല്ലപ്പെടുകയും രണ്ട് ഇസ്രായേലികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ലബനാനെതിരെ ഇസ്രായേൽ കരയുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. മണിക്കൂറുകൾക്കകം മിസൈലാക്രമണമുണ്ടാകുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുടനെയാണ് തെൽ അവീവിനെയും ജെറൂസലമിനെയും ലക്ഷ്യമിട്ട് ഇറാൻ ഒന്നിന് പുറകെ ഒന്നായി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. ഇസ്രായേൽ സേന തന്നെയാണ് ആക്രമണം ആദ്യം സ്ഥിരീകരിച്ചത്. ഗസ്സയിലെ ജനതയെയും ഹമാസിന്റെയും ഹിസ്ബുല്ലയുടെയും നേതാക്കളെയും വധിച്ചതിനുള്ള തിരിച്ചടിയാണിതെന്ന് ഇറാനിലെ ഇസ്‍ലാമിക് റെവല്യുഷനറി ഗാർഡ് അറിയിച്ചു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ സേന ജനങ്ങളോടാവശ്യപ്പെട്ടു. തെൽ അവീവിൽ അജ്ഞാതന്റെ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു.
ഇറാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള ഒരുക്കത്തിലാണെന്ന് ഇസ്രായേൽ അറിയിച്ചു. ഇസ്രായേലിനെ സഹായിക്കുന്നതിനും മേഖലയിലെ അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കുന്നതിനുമുള്ള തയാറെടുപ്പിലാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. നടപടികൾ ചർച്ച ചെയ്യാൻ വൈറ്റ്ഹൗസിൽ ജോ ബൈഡൻ അടിയന്തര യോഗം നടത്തി. ഇറാൻ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പെന്റഗൺ മുന്നറിയിപ്പ് നൽകി. സംഘർഷം വ്യാപിക്കുന്നതിനെ അപലപിച്ച യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറെസ്, വെടിനിർത്താൻ വീണ്ടും ആഹ്വാനം ചെയ്തു. ഇറാന്റെ ആക്രമണത്തിൽ ആഹ്ലാദിച്ച് ബെയ്റൂത്തിലും ഗസയിലും ജനങ്ങൾ രംഗത്തെത്തി.
അതേസമയം, ചൊവ്വാഴ്ച പുലർച്ചെ തെക്കൻ ലബനാനിൽ ചെറിയ ദൂരത്തേക്ക് ഇസ്രായേൽ കരസേന കടന്നുകയറി. പരിമിതവും പ്രാദേശികവും ചില കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ളതുമാണ് സൈനിക നീക്കമെന്ന വിശദീകരണത്തോടെയാണ് ലബനാനിൽ പുതിയ യുദ്ധമുഖം തുറന്ന് കരയുദ്ധം തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി തെക്കൻ ബൈറൂത്തിലെ 30 ഗ്രാമങ്ങളിലുള്ളവരോട് കുടിയൊഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ഭീഷണിപ്പെടുത്തി. എന്നാൽ, ഇസ്രായേൽ കരസേന ഇതുവരെ ലബനാൻ അതിർത്തി കടന്നിട്ടില്ലെന്നും എത്തിയാൽ നേരിട്ടുള്ള പോരാട്ടത്തിന് ഒരുക്കമാണെന്നും ഹിസ്ബുല്ല ആവർത്തിച്ചു. വ്യാപക വ്യോമാക്രമണവും ഇസ്രായേൽ നടത്തി. തലസ്ഥാന നഗരമായ ബൈറൂത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു.
തെക്കൻ ലബനാനിലെ ഐനുൽ ഹിൽവയിൽ നിരവധി പേർ തിങ്ങിപ്പാർക്കുന്ന ഫലസ്തീനി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തി. ഇവിടെ കെട്ടിടാവശിഷ്ടങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. ഇസ്രായേൽ സൈനിക നീക്കത്തിന് തിരിച്ചടിയായി തെൽ അവീവിൽ ഹിസ്ബുല്ലയും ആക്രമണം നടത്തി. മൊസാദ് ആസ്ഥാനത്തിനു നേരെ ഫാദി-4 റോക്കറ്റുകൾ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇതേക്കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.
തെൽ അവീവിന് സമീപം കഫർ ഖാസിമിൽ റോക്കറ്റ് വീണ് റോഡ് തകർന്നു. അപ്പർ ഗലീലി മേഖലയിൽ 15ഓളം റോക്കറ്റുകൾ പതിച്ചതായും ഇസ്രായേൽ സ്ഥിരീകരിച്ചു. ഗസ്സയിലും സിറിയയിലും ചൊവ്വാഴ്ച ഇസ്രായേൽ വ്യാപക ആക്രമണം നടത്തി. ഗസ്സയിൽ 24 മണിക്കൂറിനിടെ 23 പേരാണ് കൊല്ലപ്പെട്ടത്.