കോഴിക്കോട് :നാടും നഗരവും നവരാത്രി ആഘോഷങ്ങൾക്ക് ഒരുങ്ങി. ഇന്നുമുതൽ ഒമ്പതുനാൾ വ്രതാനുഷ്ഠാനങ്ങളോടെ ദേവിയെ ഭജിച്ച് വിദ്യാരംഭം കുറിക്കും. ദേവി പ്രധാന പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും ദേവി ഉപദേവത സാന്നിദ്ധ്യമറിയിക്കുന്ന ക്ഷേത്രങ്ങളിലുമാണ് നവരാത്രി ആഘോഷങ്ങൾ പ്രധാനമായും. വിശേഷാൽ പൂജകളും മഹാനവമി ദിനത്തിൽ ഗ്രന്ഥപൂജ, വാഹനപൂജ എന്നിവയും വിജയദശമി ദിനത്തിൽ വിദ്യാരംഭവും നടക്കും. ജില്ലയിലെ വിവിധ ക്ഷേത്ര സങ്കേതങ്ങളിലും സരസ്വതി മണ്ഡപങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. സംഗീതകച്ചേരിയും നൃത്ത അരങ്ങേറ്റവും ഉണ്ടാകും.
ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ,ലളിതാ സഹസ്ര നാമ പാരായണം, ഭജന, വേദമന്ത്രജപം എന്നിവയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. സരസ്വതി പൂജ, വാഹനപൂജ എന്നിവയ്ക്കുള്ള സൗകര്യം പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്.വളയനാട് ദേവീ ക്ഷേത്രത്തിൽ സംഗീതാർച്ചന,ഭജന, ഭക്തി ഗാന മേള എന്നിവയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.
തളി ക്ഷേത്രം, അഴകൊടി ദേവീ ക്ഷ്രത്രം , വരക്കൽ എന്നിവിടങ്ങളിലും ആഘോഷങ്ങൾ ഇന്ന് ആരംഭിക്കും. ഭജന, ആധ്യാത്മികപ്രഭാഷണം, നൃത്തസന്ധ്യ, പ്രത്യേക പൂജകൾ എന്നിവയും നടക്കും. കേസരിഭവനിൽ നടക്കുന്ന നവരാത്രി ആഘോഷം ഇന്ന് രാവിലെ 11ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മൂകാംബിക ക്ഷേത്രം മുഖ്യ അർച്ചകൻ സുബ്രഹ്‌മണ്യ അഡിഗ നേതൃത്വം നൽകും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി തുടങ്ങിയവർ പ്രസംഗിക്കും. പുതിയങ്ങാടി പുത്തൂർ ദുർഗാക്ഷേത്രത്തിലും പന്നിയങ്കര ദുർഗാദേവീ ക്ഷേത്രത്തിലും വിവിധ പരിപാടികൾ നട
ക്കും.