മാനന്തവാടി : മെഡിക്കൽ കോളേജ് എന്നത് വയനാട്ടുകാരുടെ സ്വപ്നമാണെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിൽ വർഷങ്ങളോളം ഞാൻ പ്രവർത്തിച്ചിരുന്നു. അവിടെ എൻ്റെ അടുത്ത സുഹൃത്തായിരുന്ന സിസ്റ്റർ റോസ്ബെൽ മാനന്തവാടി സ്വദേശിയായിരുന്നു. ഞാൻ വയനാട്ടിൽ മത്സരിക്കുന്നതറിഞ്ഞപ്പോൾ സിസ്റ്റർ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു.
വയനാട്ടിൽ മെഡിക്കൽ കോളജ് യാഥാർത്ഥ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. കാരണം 29 വർഷം മൂൻപ് അവരുടെ അമ്മ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്ത മൂലം മരണപ്പെട്ടിരുന്നു. മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ കഴിയുന്നതെല്ലാം താൻ ചെയ്യുമെന്ന് അവർക്ക് വാക്കു നൽകിയിട്ടുണ്ട്. എൻ്റെ സഹോദരൻ രാഹുൽ ഗാന്ധി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ ഒരുപാട് ശ്രമിച്ചു. അതിൽ കുറച്ച് പുരോഗതിയുണ്ടായി. എന്നാൽ ഇത്ര കഠിനമായി പരിശ്രമിച്ചിട്ടും അവിടെ മെഡിക്കൽ കോളേജ് എന്ന ഒരു ബോർഡ് അല്ലാതെ യാതൊരു സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടില്ല. ഒരു മെഡിക്കൽ കോളേജ് ഇല്ലാത്തതിൻ്റെ പ്രയാസങ്ങൾ വയനാട്ടിലെ ജനങ്ങൾ എത്ര ആഴത്തിലാണ് അനുഭവിക്കുന്നതെന്ന് എനിക്കറിയാം. അതിനാൽ വയനാട്ടിലെ മെഡിക്കൽ കോളേജെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പരാമാവധി ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.