പുൽപള്ളി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന് പാക്കം തിരുമുഖത്ത് വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി കണ്ടു. പുൽപള്ളിയിൽ വച്ചാണ് പോളിന്റെ ഭാര്യ സാലി പോൾ, മകൾ സോന പോൾ എന്നിവരെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധി വന്യജീവി ആക്രമണം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകി.പോളിന് ആവശ്യമായ വിദഗ്ധ ചികിത്സ വൈകിയ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തയാണ് തന്റെ അച്ഛന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് മകൾ സോന പോൾ പ്രിയങ്കയെ ധരിപ്പിച്ചു. കുറുവ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍വച്ചാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്.