ഉത്തരാഖണ്ഡിൽ സ്വകാര്യ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് വന്‍ അപകടം. 36 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.

അല്‍മോറ: ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ മാര്‍ച്ചുലയില്‍ സ്വകാര്യ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് വന്‍ അപകടം. 36 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ കാണാതായി. 43 സീറ്റ് ബസില്‍ 60 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

 

 

തിങ്കളാഴ്ച രാവിലെ 8:25ഓടെയാണ് അപകടം. പൗരി ഗര്‍വാള്‍ ജില്ലയിലെ നൈനി ദണ്ഡയില്‍നിന്ന് നൈനിറ്റാള്‍ ജില്ലയിലെ രാംനഗറിലേക്ക് പോകുകയായിരുന്നു ബസ്. സാരദ് ബെണ്ടിന് സമീപം നിയന്ത്രണം നഷ്ടമായ ബസ് 200 അടി താഴ്ചയില്‍ ഗീത് ജഗി നദിക്കരയിലേക്ക് പതിക്കുകയായിരുന്നു.

 

ഉടന്‍തന്നെ സംസ്ഥാന ദുരന്തനിവാരണ സേന, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അല്‍മോറ എസ്എസ്പിയും ദുരന്തനിവാരണ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേന സംഘവും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ ഓഫീസ് അറിയിച്ചു.

 

അപകടകാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. ഇക്കാര്യം അധികൃതര്‍ പരിശോധിച്ചു വരികയാണ്. ഗര്‍വാള്‍ മോട്ടോര്‍ ഓണേഴ്‌സ് യൂണിയന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പെട്ട ബസ്. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി, പോലീസ് കമ്മീഷണര്‍, ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങിയവരുമായി സംസാരിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.

 

 

ഹൃദയഭേദകമായ ബസ് അപകടമാണ് ഉണ്ടായതെന്നും ജീവന്‍ നഷ്ടപ്പെട്ട യാത്രക്കാരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. ഈ ദുഖസമയത്ത് സംസ്ഥാന സര്‍ക്കാര്‍ അവരോടൊപ്പം നില്‍ക്കുകയാണ്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കുന്നതിനും മരിച്ചവരുടെ ആത്മാക്കള്‍ക്ക് ശാന്തി നല്‍കുന്നതിന് ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചു.

 

അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പറഞ്ഞു. ശ്രമങ്ങളും നടത്തുന്നുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അപകടം ഏറെ ദുഖകരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *