ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ പടുത്തുയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. സെഞ്ചുറി നേടിയ സഞ്ജു സാംസൺ ആണ് കളിയിലെ താരം. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌ണോയിയും മൂന്നുവിക്കറ്റ് വീതംനേടി. ആവേശ് ഖാന്‍ രണ്ടുവിക്കറ്റും അര്‍ഷ്ദീപ് സിങ് ഒരുവിക്കറ്റും സ്വന്തമാക്കി. ഇതോടെ നാലുമത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി(1-0).
മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടിയത്.ഡര്‍ബനില്‍ വെറും 47 പന്തിലാണ് സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 10 സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. ഒടുവില്‍ 50 പന്തില്‍ 107 റണ്‍സ് എടുത്താണ് സഞ്ജു ക്രീസ് വിട്ടത്. ഇതോടെ ട്വന്റി20-യില്‍ തുടര്‍ച്ചയായ കളികളില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജു സാംസണ്‍ സ്വന്തമാക്കി.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിലക് വര്‍മ 33 റണ്‍സും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 21 റണ്‍സും എടുത്തു. അഭിഷേക് ശര്‍മ എട്ട് പന്തില്‍ എഴും ഹാര്‍ദിക് പാണ്ഡ്യ ആറ് പന്തില്‍ രണ്ട് റണ്‍സും റിങ്കു സിങ് പത്ത് പന്തില്‍ 11 റണ്‍സും അക്‌സര്‍ പട്ടേല്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സുമെടുത്ത് പുറത്തായി. നാല് പന്തില്‍ അഞ്ച് റണ്‍സുമായി അര്‍ഷ്ദീപ് സിങ്ങും മൂന്ന് പന്തില്‍ ഒരു റണ്ണുമായി രവി ബിഷണോയിയും പുറത്താകാതെ നിന്നു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി സഞ്ജുവും അഭിഷേകും കരുതലോടെയാണ് തുടങ്ങിയത്. ജെറാള്‍ഡ് കോറ്റ്സി എറിഞ്ഞ നാലാം ഓവറില്‍ അഭിഷേക് ശര്‍മ മടങ്ങി. 8 പന്തില്‍ ഏഴ് റണ്‍സെടുത്ത അഭിഷേക് ശര്‍മ അയ്ഡന്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനൊപ്പം ചേര്‍ന്നതോടെ സ്‌കോര്‍ മുന്നോട്ട് കുതിച്ചു.ഇതിനിടെ വമ്പന്‍ അടിയുമായി കളംനിറഞ്ഞ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ചുറി തികച്ചു. 27 പന്തിലാണ് സഞ്ജു അര്‍ധസെഞ്ചുറി തികച്ചത്. പിന്നാലെ 17 പന്തില്‍ 21 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും മടങ്ങി. 18 പന്തില്‍ 33 റണ്‍സ് എടുത്താണ് തിലക്ക് വര്‍മ മടങ്ങിയത്. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല.
ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യഓവറില്‍ തന്നെ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രത്തെ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ വിക്കറ്റുകള്‍വീണു. 22 പന്തില്‍നിന്ന് 25 റണ്‍സ് നേടിയ ഹെയിന്‍ റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കന്‍നിരയിലെ ടോപ് സ്‌കോറര്‍. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ടീം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിനുപിന്നാലെയാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര പരമ്പരയ്ക്ക് ഇറങ്ങിയത്.