കോഴിക്കോട് : നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷാ ഫീസ് കേരള- കാലിക്കറ്റ് സർവകലാശകൾ പരീക്ഷാഫീസ് കുത്തനെ കൂട്ടി.കാലിക്കറ്റ് സർവകലാശാലയാണ് ആദ്യം ഫീസ് വർധിപ്പിച്ചത്. തുടർന്ന് കേരള സർവകലാശാലയും പരീക്ഷ ഫീസുകൾ വലിയ വർധനവ് വരുത്തി. പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച്, ഓരോ വിദ്യാർഥിയും 1375 രൂപ മുതൽ 1575 രൂപ വരെ ഫീസിനത്തിൽ നൽകേണ്ടി വരും. ഇ-ഗ്രാന്റ്‌സ് ഉൾപ്പടെയുള്ള സ്‌കോളർഷിപ്പുകൾ നാളുകളായി മുടങ്ങിക്കിടക്കുമ്പോഴാണ് സർവകലാശാലകൾ ഫീസ് വർധിപ്പിക്കുന്നത്.
മൂന്ന് വർഷ ബിരുദ കോഴ്‌സുകളിൽ പരീക്ഷ ഫീസ് 505 രൂപയായിരുന്നെങ്കിൽ നാല് വർഷ ബിരുദ കോഴ്‌സുകളിൽ പേപ്പറുകളുടെ എണ്ണത്തിനനുസരിച്ച് 1375 രൂപ മുതൽ 1575 രൂപ വരെ ഫീസ് അടക്കേണ്ടി വരും. ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷയുടെ ഫീസ് നിരക്കുകളാണ് കേരളാ സർവകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി പേപ്പറുകൾക്ക് ഒരു കോഴ്‌സിന് 150 രൂപ, ഇംപ്രൂവ്‌മെന്റിന് 200 രൂപ, സപ്ലിമെന്ററി പരീക്ഷക്ക് 300 രൂപ എന്നിങ്ങനെയാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. തിയറിയും പ്രാക്ടിക്കലുമുള്ള പരീക്ഷകൾക്ക് 250, 300, 350 എന്നിങ്ങനെയാണ് നിരക്ക്.
പരീക്ഷ മൂല്യനിർണയത്തിനുള്ള ഫീസായി 300 രൂപയും നൽകേണ്ടി വരും. സപ്ലിമെന്ററി മൂല്യനിർണയത്തിന് 500 രൂപയാണ് ഫീസ്. മാർക്ക് ഷീറ്റിന് 75 രൂപയും നൽകണം. എസ്.സി-.എസ്.ടി വാദ്യാർഥികൾ വലിയ പ്രതിസന്ധി അനുഭവിക്കുന്നത്. സംസ്ഥാനത്ത് ഇ-ഗ്രാന്റ്‌സ് മുടങ്ങിയിരിക്കുകയാണ്. പട്ടികജാതി- വർഗ വകുപ്പുകൾ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിട്ടില്ല. ആദ്യ വർഷം കിട്ടേണ്ട സ്‌കോളർഷിപ്പുകൾ പോലും പലർക്കും ഇപ്പോഴാണ് കിട്ടി തുടങ്ങുന്നത്.
പല വിദ്യാർഥികളും അപേക്ഷ നൽകിയിട്ടും ഇതുവരെ സ്‌കോളർഷിപ്പ് തുക കിട്ടിയിട്ടില്ല. സ്‌കോളർഷിപ്പുകളും സർവകലാശാലകളിൽ നിന്നും കിട്ടേണ്ട മറ്റ് ആനുകൂല്യങ്ങളും കിട്ടുന്നില്ല. ഇതിന് പുറമേ ഇരുട്ടടിയായിട്ടാണ് ഫീസ് വർധിപ്പിച്ചത്. അത് സ്വാഭാവികമായിട്ടും വിദ്യാർഥികളെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. സാമ്പത്തികമായി പിന്നാകം നിൽക്കുന്ന വിദ്യാർഥികൾ പലരും പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയാവും. ഇ- ഗ്രാന്റ് ലഭിക്കാതെ എത്ര എസ്.സി-എസ്.ടി വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചുവെന്ന കണക്ക് പോലും പട്ടികജാതി- വർഗ വകുപ്പിന്റെ കൈവശമില്ല. ഇ-ഗ്രാന്റ്‌സ് മുടങ്ങിയിട്ട് നാളുകളായി. പലർക്കും ക്യത്യ സമയത്ത് ഗ്രാന്റ് കിട്ടുന്നില്ല. ആ പ്രശ്‌നവും വിദ്യാർഥികൾ നേരിടുന്നുണ്ട്. പട്ടികജാതി- വർഗ വകുപ്പും സർക്കാരും ഇക്കാര്യം ഗൗരവമായി എടുത്തിട്ടില്ല