റിയാദ്: വധശിക്ഷ റദ്ദ് ചെയ്യപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുറഹീം 18 വർഷങ്ങൾക്ക് ശേഷം ഉമ്മയെ കണ്ടു. റിയാദിലെ ജയിലിൽവെച്ചായിരുന്നു ഉമ്മ ഫാത്തിമയുമായി കൂടിക്കാഴ്ച നടന്നത്. മോചന ഉത്തരവ് നീളുന്നത് കാരണം മകനെ കാണാനുള്ള ആഗ്രഹത്തിന് പുറത്താണ് ഫാത്തിമ സൗദിയിലെത്തിയത്. റഹീമിനെ കാണാനെത്തിയപ്പോൾ ജയിലിൽവെച്ചുള്ള കൂടിക്കാഴ്ച റഹീം തന്നെയാണ് വേണ്ടെന്ന് വെച്ചിരുന്നു. ആ സങ്കടത്തിന് ആശ്വാസം പകരുന്നതാണ് ഈ കൂടിക്കാഴ്ച. വധശിക്ഷ റദ്ദാക്കിയിട്ടും മോചനത്തിനായി റിയാദിലെ ജയിലിൽ കാത്തിരിക്കുകയാണ് റഹീം.
ഈ മാസം 17നാണ് റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് കേസ് പരിഗണിക്കുക. മറ്റു തടസങ്ങളൊന്നും ഉണ്ടാവില്ലെന്ന ശുഭ പ്രതീക്ഷയിലാണ് തങ്ങളെന്നും അതിനായി കാത്തിരിക്കുകയാണെന്നും റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചു. കേരളം ഉറ്റുനോക്കുന്ന മോചനമാണ് അബുറഹീമിന്റേത്. ലോകത്താകമാനമുള്ള മലയാളികൾ ഒറ്റക്കെട്ടായി കുറഞ്ഞ സമയം കൊണ്ടാണ് റഹീമിൻ്റെ ശിക്ഷ ഒഴിവാക്കാനായുള്ള 34 കോടി രൂപ സ്വരൂപിച്ചത്.
അബ്ദുറഹീം തന്റെ 26ാം വയസ്സിൽ 2006ലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല് ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോള്‍ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു