മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണം ഉടൻ പൂർത്തിയാകും. തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മകൻ കണ്ഠരര് ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരിയാണ് നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചത്. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിയിച്ചു.
ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടിക്ക് സമീപം തിരുമുറ്റത്ത് കാത്തുനിന്ന നിയുക്ത ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരിയേയും കൈപിടിച്ച് പതിനെട്ടാം പടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു. ഭഗവത് ദർശനത്തിന് ശേഷം അരുൺകുമാർ നമ്പൂതിരിയെ സോപാനത്തിലിരുത്തി തന്ത്രി കലശാഭിഷേകം നടത്തിയ ശേഷം കൈപിടിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിന് സമീപം ഇരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. വാസുദേവൻ നമ്പൂതിരിയേയും ഇതേ രീതിയിൽ മാളികപ്പുറം ക്ഷേത്രത്തിൽ മേൽശാന്തിയായി അവരോധിക്കും.
കഴിഞ്ഞ ഒരുവർഷത്തെ പുറപ്പെടാശാന്തിമാരായിരുന്ന സന്നിധാനം മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി പി.ജി.മുരളിയും രാത്രി 10ന് നട അടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി വീടുകളിലേക്ക് മടങ്ങും.
നാളെ പുലർച്ചെ 3ന് പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങിയിരുന്നു. 30,000 തീർത്ഥാടകരാണ് ഇന്ന് ദർശനത്തിനായി ഓൺലൈൻ ബുക്ക് ചെയ്തിരിക്കുന്നത്. ഡിസംബർ 26ന് മണ്ഡലപൂജയ്ക്ക് ശേഷം നടഅടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർത്ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നടഅടയ്ക്കും.