മലപ്പുറം : 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ബസ് റൂട്ടുകൾക്കും ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കും സ്വകാര്യ മേഖലയിൽ പെർമിറ്റുകൾ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിട്ടും റൂട്ടുകൾ വിട്ടുനൽകാൻ മടിച്ച് ഗതാഗത വകുപ്പ്. ഇതോടെ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകൾ. 19ന് മുഖ്യമന്ത്രിയെ നേരിൽ കണ്ടശേഷം അനൂകൂല തീരുമാനമില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം.
2023 മെയ് 4 മുതലാണ് സ്വകാര്യ ബസുകൾക്ക് 140 കിലോ മീറ്ററിൽ താഴെ മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. മോട്ടാർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയായിരുന്നു സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം ആറാം തിയതി ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് ഇട്ടിട്ടും സർക്കാർ പെർമിറ്റ് പുതുക്കി നൽകാൻ തയ്യാറാകുന്നില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.
പെർമിറ്റ് പുതുക്കി കിട്ടാത്തത് കാരണം പല സ്വകാര്യ ബസുകളും ഓടാൻ കഴിയാതെ നിർത്തിയിട്ടിരിക്കുകയാണ്. ഇത് ജീവനക്കാർക്ക് വലിയതോതിൽ തൊഴിൽ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി പെർമിറ്റ് നൽകണമെന്നും ഇല്ലെങ്കിൽ 140 കിലോമീറ്ററിൽ താഴെയുള്ള ബസുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ ബസുകളും പണിമുടക്കിലേക്ക് കടക്കുമെന്നും ബസുടമകൾ വ്യക്തമാക്കി
.