ന്യൂഡൽഹി : സ്വന്തം ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച ഇന്ത്യ, ഹൈപ്പർസോണിക് ആയുധമുള്ള ലോക വൻശക്തികളുടെ നിരയിലെത്തി. ശബ്ദത്തിന്റെ അഞ്ചു മടങ്ങ് വേഗതയും 1500 കിലോമീറ്ററിലേറെ പ്രഹരപരിധിയുമുള്ള മിസൈൽ ശനിയാഴ്ച രാത്രി ഒഡിഷ തീരക്കടലിലെ ഡോ. എ.പി.ജെ. അബ്ദുൾകലാം ദ്വീപിൽ നിന്നാണ് വിക്ഷേപിച്ചത്. അമേരിക്കയും റഷ്യയും ചൈനയും മാത്രമുള്ള ഹൈപ്പർസോണിക് മിസൈൽ ക്ലബ്ബിലാണ് ഇന്ത്യയും ഇടംപിടിച്ചത്.
ആണവായുധ രാജ്യങ്ങളായ ചൈനയ്ക്കും പാകിസ്ഥാനും ശക്തമായ സന്ദേശമാണ് ഇന്ത്യയുടെ ഈ മിസൈൽ. കരയിലും കടലിലും ആകാശത്തും മിസൈൽ പ്രഹരശേഷി വർദ്ധിക്കും. ഹൈദരാബാദിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം മിസൈൽ കോംപ്ലക്‌സും ഡി. ആർ.ഡി.ഒ ലാബുകളും വിവിധ വ്യവസായ ശാലകളും ചേർന്നാണ് നിർമ്മിച്ചത്. ഡി. ആർ.ഡി.ഒ ശാസ്ത്രജ്ഞരുടെയും ഉന്നത സൈനിക ഓഫീസർമാരുടെയും സാന്നിദ്ധ്യത്തിലായിരുന്നു പരീക്ഷണം.
താഴ്ന്ന സഞ്ചാരപഥം. (ലോ അറ്റ്മോസ്‌ഫെറിക് – ബാലിസ്റ്റിക് ട്രജക്‌ടറി). സഞ്ചാരപഥം സ്വയം മാറ്റും. അതിവേഗത അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന അത്യുഗ്ര ചൂടിൽ മിസൈലിന് ചുറ്റും പ്ലാസ്‌മ മേഘം രൂപപ്പെടും. അത് ശത്രു റഡാറുകളുടെ റേഡിയോ തരംഗങ്ങളെ നിർവീര്യമാക്കും.
മൂന്നു സേനയ്ക്കും കരുത്ത്
സൂപ്പർഫാസ്റ്റ്. ദീർഘദൂര പരിധി. ഗതിമാറ്റാം. പരമ്പരാഗത ആയുധങ്ങൾക്കൊപ്പം ആണവ പോർമുനകളും വഹിക്കും. കൃത്യമായ പ്രഹരം. ശത്രുവിന്റെ പ്രതിരോധങ്ങൾ പെട്ടെന്ന് തകർക്കാം. മൂന്ന് സേനകൾക്കും ഉപയോഗിക്കാം. കരയിലും കപ്പലിലും അന്തർവാഹിനിയിലും വിമാനത്തിലും വിന്യസിക്കാം
അണിയറയിലെ പദ്ധതികൾ
1. ബ്രഹ്മോസ് – 2 ഹൈപ്പർസോണിക് മിസൈൽറേഞ്ച് 1500 കിലോമീറ്റർ. വേഗത മാക് – 8. ഡി. ആർ.ഡി.ഒയും റഷ്യയും സംയുക്തമായി വികസിപ്പിക്കുന്നു
2. ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾവേഗത മാക് 20 -21. പ്രഹരപരിധി 5,500 കിലോമീറ്റർ. 300 കിലോ ആയുധങ്ങൾ
3. ഹൈപ്പർസോണിക് വിമാനം അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ വലിച്ചെടുത്ത് ഇന്ധനം ജ്വലിപ്പിക്കുന്ന സ്ക്രാം ജെറ്റ് എൻജിനുള്ള വിമാനം. ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈൽ ഇതിൽ വിക്ഷേപിക്കും. നിശ്ചിത ഉയരത്തിൽ മിസൈൽ വേർപെടും
”ചരിത്ര നിമിഷമാണ്. നൂതന സൈനിക സാങ്കേതിക വിദ്യകളുള്ള രാഷ്ട്രങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയും സ്ഥാനം പിടിച്ചു” -രാജ്നാഥ് സിംഗ്, പ്രതിരോധ മന്ത്രി.