കര്‍ണാടക ഉഡുപ്പിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ഹെബ്രി വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 2016ലെ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് വിക്രം ഗൗഡ രക്ഷപ്പെട്ടിരുന്നു. കര്‍ണാടകയിലെ ആന്റി നക്‌സല്‍ ഫോഴ്‌സ് വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് വിക്രം ഗൗഡ. ചിക്കമംഗളൂര്‍ – ഹെബ്രി വനമേഖലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി മാവോയിസ്റ്റ് സാന്നിധ്യം ഉണ്ട് എന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊലീസും എഎന്‍എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനാണിത്. ഇന്നലെ രാത്രി മുതല്‍ ഇവിടെ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് വെടിവെപ്പ് നടന്നത് എന്നാണ് വിവരം. ഇതിലാണ് വിക്രം ഗൗഡ കൊല്ലപ്പെട്ടത്.
2016 നവംബറില്‍ നിലമ്പൂരില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലുലില്‍ ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. ആന്ധ്രപ്രദേശ്, കര്‍ണാടക സര്‍ക്കാരുകള്‍ വിക്രം ഗൗഡയെ കണ്ടെത്തുന്നവര്‍ക്ക് നേരക്കെ പാരിതോഷികമുള്‍പ്പടെ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിന്റെ പശ്ചിമഘട്ട മേഖലയില്‍ കേന്ദ്രീകരിച്ചാണ് കൊല്ലപ്പെട്ട വിക്രം ഗൗഡ പ്രവര്‍ത്തിച്ചിരുന്നത്. കബനീദളം കമാന്‍ഡര്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 8നാണ് ചപ്പാരം കോളനിയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്ഇതിന് ശേഷം വിക്രം ഗൗഡയുടെ സംഘം കര്‍ണാടക വനമേഖലയിലേക്ക് മാറുകയായിരുന്നു. കബനി ദളത്തിലെ മറ്റ് മാവോയിസ്റ്റുകള്‍ പിടിയിലാവുകയും ചെയ്തു.