പാലക്കാട് : ഉപതെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിന് ശേഷം പാലക്കാട് നാളെ ബൂത്തിലേക്ക്. മണ്ഡലത്തിലെ 185 പോളിങ് ബൂത്തുകളും സജ്ജമായി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം. പുലർച്ചെ 5.30 ന് മോക് പോൾ ആരംഭിക്കും. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്. വനിതാ ഓഫീസർമാരുടെ മേൽനോട്ടത്തിൽ ഒരു പോളിങ് സ്റ്റേഷനും ഒമ്പത് മാതൃകാ പോളിങ് ബൂത്തും മണ്ഡലത്തിലുണ്ട്
മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്. പാലക്കാട് നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ് പാലക്കാട് മണ്ഡലം. വോട്ടർമാരിൽ സ്‌ത്രീകളാണ് കൂടുതൽ- 1,00,290. 94,412 പുരുഷ വോട്ടർമാരും നാല് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്.