പാലക്കാട്: ഒരു മാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുശേഷം വിധിയെഴുതാൻ പാലക്കാട് മണ്ഡലം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പുലർച്ച 5.30ന് മോക് പോള്‍ ആരംഭിക്കും.
മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണുള്ളത്. സ്വതന്ത്രർ ഉൾപ്പെടെ 10 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ഗവ. വിക്ടോറിയ കോളജിൽനിന്ന് വോട്ടുയന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പോളിങ് സാമഗ്രികൾ ചൊവ്വാഴ്ച വിതരണം ചെയ്തു. വോട്ടെടുപ്പിനുശേഷം ഇതേ കേന്ദ്രങ്ങളില്തന്നെയാണ് വോട്ടുയന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് രാത്രിയോടെ കോളജിലെ പുതിയ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ച സ്ട്രോങ് റൂമുകളിലേക്ക് മാറ്റും.
നാല് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ബുധനാഴ്ച പാലക്കാട് നിയോജകമണ്ഡല പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതുഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചു.