ശബരിമലയിൽ വൃശ്ചികം ഒന്നിന് ശേഷം റെക്കോർഡ് തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ ഇത്തവണ അധികമായി എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ആദ്യ നാലു ദിവസമെത്തിയത് 1,48,073 തീർത്ഥാടകരാണെങ്കിൽ ഈ വർഷം ആദ്യ നാലു ദിവസമെത്തിയത് 2,46,544 തീർത്ഥാടകരാണ്. കഴിഞ്ഞ വർഷം ആദ്യ ദിനം 14,327 തീർത്ഥാടകരായിരുന്നു എത്തിയിരുന്നതെങ്കിൽ ഇത്തവണ ആദ്യ ദിനം 30,657 പേർ അയ്യനെ കാണാനെത്തി.കഴിഞ്ഞ വർഷം വ്യശ്ചികം ഒന്നിന് 48,796 തീർത്ഥാടകരാണ് എത്തിയിരുന്നതെങ്കിൽ ഈ വർഷം ഒന്നാം തീയതി ദർശനം നടത്തിയത് 72,656 പേരാണ്. തീർഥാടകരുടെ എണ്ണത്തിലുള്ള വർധനവ് ശബരിമലയിലെ വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 4 കോടി രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ശബരിമലയിൽ നിന്നും ലഭിച്ചിട്ടുള്ളത്. ശബരിമലയിൽ തിരക്ക് കാര്യമായി വർധിച്ചിട്ടുണ്ടെങ്കിലും മികച്ച രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതിനാൽ ദർശനത്തിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതി ഇത്തവണയില്ലാത്തത് തീർഥാടകരെ ആശ്വാസത്തിലാക്കുന്നുണ്ട്..