പാലക്കാട്: പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. 13330 വോട്ടിനാണ് രാഹുൽ മുന്നിട്ട് നിൽക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ, തുടർന്നുള്ള റൗണ്ടുകളിൽ രാഹുൽ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകൾക്ക് കൃഷ്ണകുമാർ മുന്നിലെത്തി. എന്നാൽ, ഏഴാം റൗണ്ടിൽ കൂടുതൽ വോട്ടുകൾ സ്വന്തമാക്കി രാഹുൽ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. നഗര വോട്ടർമാരുടെ പൾസ് അറിയുന്ന പാലക്കാട് നഗരസഭയിൽ ബിജെപി ഭരണം പിടിച്ചെടുക്കുന്നതിന് ചുക്കാൻപിടിച്ച സി കൃഷ്‌ണകുമാറിന് പക്ഷേ മാസങ്ങൾക്ക് മുമ്പ് ലോക്സഭ തിരഞ്ഞെടുപ്പിൽ നഗരത്തിൽ നിന്ന് ലഭിച്ച വോട്ടുകൾ പോലും ലീഡ് നിലയിൽ ലഭിച്ചില്ല.
അതേസമയം വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്ന് ലക്ഷം കടന്നു. 312876 വോട്ടിൻറെ ലീഡാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കുള്ളത്. ചേലക്കരയിൽ എൽ.ഡി.എഫിലെ യു.ആർ. പ്രദീപ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. പ്രവർത്തകർ ആഘോഷം ആരംഭിച്ചു.