റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതിന് നന്ദി അറിയിക്കുന്നുവെന്നും രണ്ട് ദിവസത്തിനുള്ളില്‍ വയനാട് സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ വിജയമാണ് ഉണ്ടായത്.വലിയ അംഗീകാരമാണ് ലഭിച്ചതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളും പോരാട്ടവും പാർലമെന്റില്‍ എത്തിക്കും. അവരുടെ വാക്കായി പാർലമെന്റില്‍ പ്രവർത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കേരളത്തിലെ യു.ഡി.എഫ് നേതാക്കളോടും പ്രവർത്തകരോടും നന്ദി പറയുകയാണ്. 12 മണിക്കൂർ വരെയുള്ള വിശ്രമമില്ലാത്ത കാമ്ബയിനുകളില്‍ എനിക്കൊപ്പം നിന്ന പ്രവർത്തകരോടും നന്ദി പറയുകയാണ്. തനിക്കൊപ്പം നിന്ന അമ്മക്കും റോബർട്ടിനും റൈഹാനും മിരായക്കും നന്ദി അറിയിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്നും ജയിച്ച് കയറിയത്. എല്‍.ഡി.എഫിന്റെ സത്യൻ മൊകേരി 2,09,906 വോട്ടുകളാണ് നേടിയത്. ബി.ജെ.പിയുടെ നവ്യ ഹരിദാസ് 1,09,202 വോട്ടുകളാണ് നേടിയത്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതിനെ തുടർന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. നേരത്തെ 3.6 ലക്ഷം വോട്ടുകള്‍ക്കാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. രാഹുലിന്റെ നേട്ടത്തെ മറികടക്കുന്ന വിജയമാണ് പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലുണ്ടായത്.