രാജ്യത്ത് സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുമായി സൈബർ ക്രൈം കോഡിനേഷൻ സെന്റർ (ഐ 4 സി). ഇതിന്റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ടു പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം തയ്യാറാക്കി.
ഫോൺ നമ്പറുകൾ, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ www. cybercrime.gov.in എന്ന വെബ്സൈറ്റ് വഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐ.ഡി.യോ ആണിതെങ്കിൽ അക്കാര്യം വ്യക്തമാക്കി നമുക്ക് മുന്നറിയിപ്പുനൽകും. വിവിധ സംസ്ഥാന പോലീസ് സംവിധാനങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും അന്വേഷണസംഘങ്ങൾ
നൽകുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് ഇതു നടപ്പാക്കുക.
തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സാപ്പ് നമ്പർ, ടെലിഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹിക മാധ്യമവിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതു ജനങ്ങൾക്കും നൽകാനാകും. ഇതിനുള്ള തെളിവു കളും വിവരണവും നൽകാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ആധികാരികത പരിശോധിക്കുമ്പോൾ മറുപടിനൽകുന്നത്.
പത്തുമാസംകൊണ്ട് കേരളത്തിൽനിന്നുമാത്രം 800 കോടിയോളം രൂപ സൈബർ തട്ടിപ്പുകാർ കൈക്കലാക്കിയെന്നാണ് കണക്ക്. രാജ്യ ത്താകമാനം ഇത് 20,000 കോടി രൂപയോളം വരും. തട്ടിയെടുക്കുന്ന പണത്തിൽ ഭൂരിഭാഗവും ചൈന, ബാങ്കോക്ക്, ഹോങ്കോങ്, റഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിക്കുന്ന തട്ടിപ്പുകാരിലേക്കാണ് എത്തുന്നത്. തട്ടിപ്പുപണം പിൻവലിക്കപ്പെടുന്ന രാജ്യത്തിനുപുറത്തെ ഇരുപതോളം കേന്ദ്രങ്ങളെക്കുറിച്ച് ഐ 4 സിക്ക് വിവരം ലഭിച്ചിട്ടുണ്ട്.