വീട്ടിൽ നെറ്റ് വർക്ക് ലഭിച്ചില്ല; എയർടെൽ ഉപഭോക്താവിന് 33,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

റാന്നി: വീട്ടിൽ മതിയായ നെറ്റ് വർക്ക് നൽകാത്തതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ 33,000 രൂപ നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്. വെട്ടിപ്പുറം സ്വദേശിയായ അഭിഭാഷകൻ റിക്കി മാമൻ പാപ്പിയുടെ പരാതിയിൽ പത്തനംതിട്ട എയർടെൽ മാനേജർക്കും കമ്പനിക്കുമാണ് കമീഷൻ പിഴയിട്ടത്.

 

2022 ഒക്ടോബർ മാസം 26-ാം തീയതി 2,999 രൂപാ കൊടുത്ത് ഹർജിക്കാരൻ തൻന്റെ മൊബൈൽ നമ്പരിലേക്ക് എയർടെൽ നെറ്റ് വർക്ക് കണക്ഷൻ റീചാർജ്ജ് ചെയ്‌തു. ഒരു ദിവസം രണ്ടു ജി.ബി അൺലിമിറ്റഡ് ഡാറ്റയും ദിവസം 100 എസ്.എം.എസും കോളും അടക്കമുള്ള പ്ലാൻ ഒരു വർഷ കാലയളവിലേക്കാണ് റീചാർജ് ചെയ്‌തത്. ഒരാഴ്ച‌ കഴിഞ്ഞപ്പോൾ മുതൽ തന്നെ വീടിന്റെ ഭാഗങ്ങളിൽ നെറ്റ് വർക്ക് കണക്ഷൻ കിട്ടാത്ത അവസ്ഥയിലായി.

 

പലപ്പോഴും രണ്ടു പോയ്ൻ്റുകൾ മാത്രമേ മൊബൈലിൽ നെറ്റ് വർക്ക് കാണിക്കാറുള്ളു. ഈ വിവരം എയർടെലിൻ്റെ പത്തനംതിട്ട സ്റ്റോറിലെ ഉദ്യോഗസ്ഥരോടും കമ്പനിയേയും നേരിട്ടും ടെലിഫോൺ മുഖാന്തരവും അറിയിച്ചിട്ടും പൂർണ തോതിൽ നെറ്റ് വർക്ക് കണക്ഷൻ തരാൻ കഴിഞ്ഞില്ല. അഭിഭാഷകനായ തനിക്ക് രാത്രി കാലങ്ങളിൽ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് ജോലി ഉണ്ടെന്നും അതിനാണ് 2,999 രൂപാ കൊടുത്ത് ഒരു വർഷത്തേയ്ക്ക് എയർടെലിന്റെ നെറ്റ് വർക്ക് കണക്ഷനെടുത്തതെന്നും മറ്റും കമ്പനിയെ നേരിട്ടറിയിച്ചു.

 

വെട്ടിപ്പുറത്ത് എയർടെൽ വാടകക്കെടുത്ത ടവറിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും പുതിയ ടവർ മൂന്ന് മാസത്തിനകം വരുമെന്നും അപ്പോൾ പ്രശ്നം പരിഹരിക്കാമെന്നായിരുന്നു ഹർജിക്കാരന് എതിർകക്ഷി നൽകിയ ഉറപ്പ്.

 

കരാറുകാരനുമായുളള തർക്കങ്ങൾ മറച്ചുവച്ചാണ് കമ്പനി ഹരജിക്കാരന് റീചാർജ് പ്ലാൻ ചെയ്തുകൊടുത്തത്. എന്നാൽ കണക്ഷനെടുത്ത് ഒരു വർഷം കഴിഞ്ഞിട്ടും നല്ല രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയാതെ വന്നതോടെയാണ് ഹരജിക്കാരൻ കമീഷനെ സമീപിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കമീഷൻ ഇരുകക്ഷികൾക്കും നോട്ടീസ് അയക്കുകയും കോടതിയിൽ ഹാജരായ ഇരുകക്ഷികളും ആവശ്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

 

എയർടെൽ നല്ല നെറ്റ് വർക്ക് സർവീസ് വാഗ്ദാനം നൽകി ഉപഭോക്താവിനെ കൊണ്ട് ഒരു വർഷത്തേക്ക് 2,999 രൂപ അടപ്പിച്ച് കണക്ഷൻ എടുപ്പിച്ചെങ്കിലും ഒരു ദിവസം പോലും പൂർണമായ അളവിൽ നെറ്റ് വർക്ക് കണക്ഷൻ കൊടുക്കാൻ കഴിഞ്ഞിട്ടില്ലായെന്ന് കമീഷൻ വിലയിരുത്തി. എയർടെൽ ടവർ ഇല്ലാതിരുന്നിട്ടും അത് മറച്ചുവെച്ച് കണക്ഷനുകൾ കൊടുത്ത് അന്യായമായ ലാഭമുണ്ടാക്കുകയാണ് എയർടെൽ കമ്പനി ചെയതത്. അതുകൊണ്ട് അടച്ച 2,999 രൂപ പലിശ സഹിതം തിരികെ നൽകാനും 20,000 രൂപ നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചിലവ് ഇനത്തിലും ഹരജികക്ഷിയ്ക്ക് നൽകാൻ കമീഷൻ എതിർകക്ഷികളോട് ഉത്തരവിടുകയാണ് ചെയ്‌തത്‌. കമീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *