പെര്‍ത്തില്‍ ഇന്ത്യൻ പവര്‍; ഓസീസിനെ 295 റണ്‍സിന് തകര്‍ത്തു

പെർത്ത്: ദിവസങ്ങള്‍ക്ക് മുൻപ് സ്വന്തം മണ്ണില്‍ കിവികളോട് നാണംകെട്ട ഇന്ത്യയെ ആയിരുന്നില്ല ഓസ്ട്രേലിയയില്‍ കണ്ടത്.കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോള്‍ പെർത്തില്‍ ഇന്ത്യൻ ബൗളർമാർക്ക് മുന്നില്‍ നിലയുറപ്പിക്കാനാകാതെ ഓസീസ് ബാറ്റർമാർ വീണു. ബോർഡർ- ഗാവസ്ക്കർ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 295 റണ്‍സിന്റെ കൂറ്റൻ ജയം. 534 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് രണ്ടാമിന്നിങ്സില്‍ 238 റണ്‍സിന് പുറത്തായി. ട്രാവിസ് ഹെഡ്, മിച്ചല്‍ മാർഷ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത്. സ്കോർ:ഇന്ത്യ-150, 487-6, ഓസ്ട്രേലിയ-104, 238.

 

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ഉസ്മാൻ ഖവാജയെ (4) തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നാലെ സ്റ്റീവൻ സ്മിത്തും ഹെഡും സ്കോറുയർത്തി. 17 റണ്‍സെടുത്ത സ്റ്റീവൻ സ്മിത്തിനെ പുറത്താക്കി സിറാജ് ഓസീസിനെ വീണ്ടും പ്രതിരോധത്തിലാക്കി. ഓസീസ് 79-5 എന്ന നിലയിലേക്ക് വീണു.

 

മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഒരു വശത്ത് ക്രീസില്‍ നിലയുറപ്പിച്ച്‌ ബാറ്റേന്തിയ ട്രാവിസ് ഹെഡാണ് ഓസീസിനായി പൊരുതിയത്. അർധസെഞ്ചുറി തികച്ച ഹെഡ് ശ്രദ്ധയോടെ ഇന്ത്യൻ ബൗളർമാരെ നേരിട്ടു. മിച്ചല്‍ മാർഷുമായി ചേർന്ന് ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ ഹെഡ് സ്കോർ 150-കടത്തി. എന്നാല്‍ ടീം സ്കോർ 161 ല്‍ നില്‍ക്കേ ഹെഡിനെ പുറത്താക്കി നായകൻ ബുംറ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നല്‍കി. 89 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്.

 

പിന്നാലെ മാർഷും കൂടാരം കയറിയതോടെ ഓസീസ് തോല്‍വി മണത്തു. 47 റണ്‍സെടുത്ത മാർഷിനെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. അതോടെ ഓസീസ് 182-7 എന്ന നിലയിലേക്ക് വീണു. 12 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാർക്കിനെ വാഷിങ്ടണ്‍ സുന്ദർ പുറത്താക്കിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ക്ക് ആക്കം കൂടി. പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ വിജയഭേരി മുഴക്കി.

 

മൂന്നാം ദിനം ആറ് വിക്കറ്റിന് 487 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ജയ്സ്വാളിന്റേയും കോലിയുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റൻഡ ലീഡ് സമ്മാനിച്ചത്. ഓസീസ് ബൗളർമാരെ സാങ്കേതികത്തികവോടെ സധൈര്യം നേരിട്ടാണ് ഓപ്പണർ യശസ്വി ജയ്സ്വാള്‍ കരിയറിലെ നാലാം സെഞ്ചുറി തികച്ചത്. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളില്‍ ഒറ്റയക്കത്തിന് പുറത്തായതിന്റെ ക്ഷീണം തീർക്കുന്ന ഇന്നിങ്സായിരുന്നു കോലിയുടേത്. ഇന്നിങ്സിന് വേഗം കൂട്ടാനും കോലിക്കായി. കോലി സെഞ്ചുറി തികച്ചതോടെ ആറ് വിക്കറ്റിന് 487 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 297 പന്ത് നേരിട്ട ജയ്സ്വാള്‍ 15 ഫോറും മൂന്ന് സിക്സും സഹിതമാണ് 161 റണ്‍സിലെത്തിയത്. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സുമടക്കമാണ് കോലിയുടെ 100 റണ്‍സ്.

 

ഓപ്പണിങ് വിക്കറ്റില്‍ ജയ്സ്വാളും കെ.എല്‍. രാഹുലും (77) ചേർന്ന് 201 റണ്‍സാണ് ചേർത്തത്. അഞ്ച് ഫോർ രാഹുലിന്റെ ഇന്നിങ്സിലുണ്ട്. ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന് ശക്തമായ അടിത്തറയായത്. വിക്കറ്റ് നഷ്ടം കൂടാതെ 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ് ആരംഭിച്ചത്. രണ്ടാം വിക്കറ്റില്‍ ദേവ്ദത്തിനൊപ്പം (25) 74 റണ്‍സ് ചേർന്ന ജയ്സ്വാള്‍ കോലിക്കൊപ്പം 38 റണ്‍സും കണ്ടെത്തി. കോലിയും വാഷിങ്ടണ്‍ സുന്ദറും (29) ചേർന്ന് ആറാം വിക്കറ്റില്‍ 89 റണ്‍സും കോലിയും നിധീഷ്കുമാർ റെഡ്ഡിയും (38) ചേർന്ന് ഏഴാം വിക്കറ്റിന് 77 റണ്‍സും ചേർത്തു. 27 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും നേടിയ നിധീഷാണ് ഇന്ത്യൻ ഇന്നിങ്സ് അവസാനഘട്ടത്തില്‍ വേഗത്തിലാക്കിയത്.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *