ന്യൂഡല്‍ഹി : ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എന്‍.കെ.സിങ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി. മുംബൈയിലെ ഖര്‍ഗര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ എസ്. ജാദവ് എന്ന വനിത നല്‍കിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരം ആണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും കോടതി വ്യക്തമാക്കി.
വിധവയായ ജാദവുമായി മഹേഷ് ദാമു ഖാരെ പ്രണയബന്ധം ആരംഭിച്ചത് 2008ലാണ്. വിവാഹ വാഗ്ദാനം നല്‍കിയാണ് താനുമായി മഹേഷ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടത് എന്നാണ് വനിത പറയുന്നത്. മഹേഷിന്റെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടികൊണ്ടു പോകല്‍ പരാതി നല്‍കി. 2017 ലാണ് ജാദവ് ബലാത്സംഗ പരാതിയുമായി പൊലീസിനെ സമീപിച്ചത്.