മുക്കം : വയനാട് ജനതയെ നിരാശപ്പെടുത്തില്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ലമെന്‍റില്‍ ശബ്‌ദമുയര്‍ത്തും ‘, ഉറപ്പ് നല്‍കി പ്രിയങ്കാ ഗാന്ധി പൊള്ളുന്ന വെയിലിനും കടുത്ത ചൂടിനുമൊന്നും ജനങ്ങളുടെ ആവേശത്തെ തെല്ലും കെടുത്താനായില്ല. കഠിനമായ ഉഷ്ണത്തെ വകവയ്ക്കാതെ ആയിരങ്ങളാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സ്വീകരിക്കാൻ മുക്കത്തേക്ക് ഒഴുകിയെത്തിയത്.
എം.പിയായതിന് ശേഷം ആദ്യമായി വയനാട് മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് സ്നേഹവും ആവേശവും നിറഞ്ഞ ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.
രാവിലെ മുതൽ തന്നെ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും യുവതികളും യുവാക്കളും പ്രായമായവരും ഉൾപ്പെടെ വൻ ജനാവലിയായിരുന്നു മുക്കത്തേക്ക് ഒഴുകിയെത്തിയത്. ഒരു നോക്ക് കാണുവാനായി ചേർന്നണഞ്ഞ ആയിരങ്ങൾക്കിടയിലേക്ക് ഉച്ചയ്ക്ക് 1.15ഓടെ രാഹുലും പ്രിയങ്കയും കടന്നുവന്നപ്പോൾ ജനങ്ങളുടെ ആവേശം അണപൊട്ടി.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രിയങ്ക വയനാട്ടില്‍ എത്തിയത്.കഴിഞ്ഞ അഞ്ച് വര്‍ഷമായി വയനാടന്‍ ജനതയ്ക്ക് വേണ്ടി അവിശ്രമം പ്രവര്‍ത്തിക്കുന്ന തന്‍റെ സഹോദരന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക നന്ദി പറഞ്ഞു. അദ്ദേഹത്തിലുള്ള വിശ്വാസമാണ് നിങ്ങള്‍ എന്നിലും അര്‍പ്പിച്ചതെന്ന് തനിക്ക് മനസിലാകുന്നുണ്ട്. തനിക്ക് നല്‍കിയ സ്‌നേഹത്തിന് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. താന്‍ വയനാടിനെക്കുറിച്ച് പഠിച്ചെന്നും നിങ്ങളുടെ ഓരോ പ്രശ്‌നങ്ങളെക്കുറിച്ചും പൂര്‍ണ ബോധ്യമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. ഇപ്പോള്‍ താന്‍ ഇവിടെയെത്തിയിരിക്കുന്നത് നിങ്ങളില്‍ നിന്ന് കൂടുതല്‍ അറിയാനാണ്.
നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ അറിയേണ്ടതുണ്ട്. രാത്രിയാത്രാ നിരോധനവും മനുഷ്യ വന്യമൃഗ സംഘര്‍ഷവും എല്ലാം തനിക്കറിയാം. ആരോഗ്യസേവനങ്ങളുടെ പരിമിതിയും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതയും സംബന്ധിച്ചും തനിക്ക് മനസിലായിട്ടുണ്ട്. ഇതിനെല്ലാം വേണ്ടി പോരാടാനാണ് താന്‍ ഇപ്പോള്‍ ഇവിടെയുള്ളത്. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ഇതേക്കുറിച്ചെല്ലാം മനസിലാക്കും. നിങ്ങളുടെ വീടുകളിലേക്ക് ഞാനെത്തും. നിങ്ങളെ ഓരോരുത്തരെയും നേരിട്ട് കാണും. തന്‍റെ ഓഫിസിന്‍റെ വാതിലുകള്‍ എപ്പോഴും നിങ്ങള്‍ക്ക് വേണ്ടി തുറന്നിരിക്കും. ആരെയും നിരാശപ്പെടുത്തില്ലെന്നും പ്രിയങ്ക ആവര്‍ത്തിച്ച് വ്യക്തമാക്കി.