തിരുവനന്തപുരം,: തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാത്തതിനെ തുടർന്ന് അനർഹരെന്ന് കണ്ടെത്തിയ അര ലക്ഷത്തിലധികം കാർഡ് ഉടമകളെ മുൻഗണനവിഭാഗത്തില്‍നിന്ന് സർക്കാർ പുറത്താക്കി.
ഇവർക്ക് ഇനിമുതല്‍ വെള്ളക്കാർഡായിരിക്കും അനുവദിക്കുക. റേഷൻ വാങ്ങാത്തതിനെ തുടർന്ന് 4337 പേരുടെ നീല കാർഡുകളും വെള്ളക്കാർഡിലേക്ക് മാറ്റാൻ നിർദേശം നല്‍കിയിട്ടുണ്ട്. പുറത്താക്കിയവർക്ക് പകരം അർഹതയുള്ളവരുടെ അപേക്ഷകള്‍ പരിഗണിച്ച് വരുംദിവസങ്ങളില്‍ മുൻഗണന വിഭാഗത്തിലുള്‍പ്പെടുത്താനാണ് സർക്കാർ തീരുമാനം.
അപേക്ഷക്കുള്ള അവസാന തീയതി ഡിസംബർ 10. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ ecitizen.civilsupplieskerala.gov.in വഴിയോ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം.
കാർഡ് ‘കീറി’യവർ
അനർഹരെന്ന് കണ്ട് മുൻഗണനവിഭാഗത്തില്‍ പുറത്താക്കിയത്: 58,870 റേഷൻ കാർഡുടമകളെ.
6957 മഞ്ഞ കാർഡുകാരും 51,913 പിങ്ക് കാർഡുകാരുമാണിത്.
മഞ്ഞയില്‍ നിന്ന് വെട്ടിയവർ
തിരുവനന്തപുരം ജില്ല – 962
പാലക്കാട് – 847
തൃശൂർ – 817
പിങ്ക്
എറണാകുളം – 7561
തിരുവനന്തപുരം – 6500
ഓണക്കിറ്റ് വാങ്ങാത്തവർ കുടുങ്ങും
ഓണക്കാലത്ത് സർക്കാറിന്‍റെ സൗജന്യ ഓണക്കിറ്റ് കൈപ്പറ്റാത്ത മഞ്ഞ കാർഡുകാർക്കെതിരെയും അന്വേഷണം ഭക്ഷ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കിറ്റ് കൈപ്പറ്റാത്തതിന്‍റെ കാരണം എന്താണെന്ന് അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ ജില്ല സപ്ലൈ ഓഫിസർമാർക്ക് നിർദേശം നല്‍കി. മരിച്ചവരും അനർഹരുമാണ് കിറ്റ് കൈപ്പറ്റാത്തതില്‍ ഭൂരിഭാഗമെന്നുമാണ് ഭക്ഷ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇവരെയും മുൻഗണന വിഭാഗത്തില്‍നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
2023ല്‍ കിറ്റ് കൈപ്പറ്റാത്തവർ – 26295
ഈ വർഷം 27128 പേരായി ഉയർന്നു
കിറ്റ് കൈപ്പറ്റാത്തവർ
തൃശൂർ – 2654
തിരുവനന്തപുരം – 2613
ഇടുക്കി – 2554
പാലക്കാട് – 2309