ന്യൂഡൽഹി: ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ 14കാരൻ ഹൃദയാഘാതം മൂലം മരിച്ചു. മോഹിത് ചൗധരിയാണ് സ്കൂളിലെ ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ മരിച്ചത്. യു.പിയിലെ അലിഗഢ് ജില്ലയിലെ സിരൗളി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. രണ്ട് റൗണ്ട് കൂട്ടുകാരോടൊപ്പം ഓടിയ മോഹിത് ചൗധരി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ മോഹിത്തിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എത്തുമ്പോഴേക്കും മോഹിത് ചൗധരി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസംബർ ഏഴിന് സ്കൂളിൽ നടക്കുന്ന കായിക മത്സരത്തിന് വേണ്ടിയാണ് മോഹിത് പരിശീലനത്തിന് ഇറങ്ങിയത്. ഈ വർഷം ആഗസ്റ്റിലാണ് റോഡപകടത്തിൽ മോഹിത്തിന്റെ പിതാവ് മരിച്ചത്.