ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം അഞ്ചായി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ട യുവാക്കളെ പുറത്തെടുത്തത്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷവിദ്യാർഥികളായ ആനന്ദ്, മുഹ്സീൻ , മുഹമ്മദ്, ഇബ്രാഹിം, ദേവൻ എന്നിവരാണ് മരിച്ചത്.ഒരാൾസംഭവസ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.
ലക്ഷദ്വീപ് സ്വദേശികളും ചേർത്തല സ്വദേശികളും കണ്ണൂർ സ്വദേശികളുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു. ആലപ്പുഴ ചങ്ങനാശേരി ഭാഗത്ത് നിന്നും ആലപ്പുഴ ദേശീയപാത ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
രാത്രി 9.30ഓടെയാണ് അപകടം ഉണ്ടായത്. വൈറ്റിലയിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്കാണ് കാർ ഇടിച്ചത്. മഴയുണ്ടായിരുന്നതിനാൽ കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ ഡ്രൈവർക്ക് പരുക്ക് ഗുരുതരമല്ല. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം തകർന്നു. ബസ് യാത്രക്കാർക്ക് പരുക്കേറ്റിട്ടില്ല.