കണ്ണൂർ: അങ്ങാടിക്കടവിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ(24) ആണ് മരിച്ചത്. കനത്തമഴയ്ക്കിടെ റോഡിലേക്ക് മരക്കൊമ്പ് വീഴുന്നത് കണ്ട് കാർ വെട്ടിച്ചപ്പോഴാണ് കുളത്തിലേക്ക് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം. അങ്ങാടിക്കടവിനും ആനപ്പന്തിക്കും ഇടയിലാണ് സംഭവമുണ്ടായത്.
കനത്തമഴയിലും കാറ്റിലും മരക്കൊമ്പ് റോഡിലേക്ക് വീഴുന്നത് കണ്ടാണ് ഇമ്മാനുവൽ വാഹനം വെട്ടിച്ചത്. എന്നാൽ, നിയന്ത്രണംവിട്ട വാഹനം സമീപത്തെ കുളത്തിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഏറെ പണിപ്പെട്ട് യുവാവിനെ കാറിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.