ബത്തേരി : കല്ലൂരിൽ മോഷ്ടാവെന്ന സംശയത്തിൽ നാട്ടുകാർ തടഞ്ഞ് നിർത്തിയ ആൾ പോലീസ് അന്വേഷണത്തിൽ വ്യക്തമായത് കൊലക്കേസ് പ്രതി. ഗൂഡല്ലൂർ പുത്തൂർ വയൽ മൂലവയൽ വീട്ടിൽ എം.എസ് മോഹനൻ (58) നെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് പൊലിസിൽ ഏൽപ്പിച്ചത്. കല്ലൂരിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി നായ്ക്കട്ടി, കല്ലൂർ 67, മുത്തങ്ങ പ്രദേശങ്ങൾ കളളന്മാരുടെ ശല്യം രൂക്ഷമാണ്. അതിനാൽ നാട്ടുകാരുടെ നിരീക്ഷണം പ്രദേശങ്ങളിൽ പകലും രാത്രിയിലും ഊർജ്ജിതമാണ്. ഇതിനിടയിലാണ് സംശയാസ്‌പദമായ നിലയിൽ കല്ലൂർ ഭാഗത്ത് കണ്ട മോഹനനെ നാട്ടുകാർ തടഞ്ഞ് നിറുത്തി സുൽത്താൻ ബത്തേരി പോലീസിൽ അറിയിച്ചത്. പോലീസെത്തി നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് ഇയാൾ തമിഴ്‌നാട് ഗൂഡല്ലൂർ സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസ് പ്രതിയാണെന്ന് മനസ്സിലായത്. 2022 ൽ സ്വന്തം ഭാര്യയെ കൊന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് കല്ലൂരിൽ വെച്ച് ഇയാൾ പിടിയിലായത്.