തിരുവനന്തപുരം : വിവിധ സർട്ടിഫിക്കറ്റുകൾക്കും മറ്റ് സേവനങ്ങൾക്കുമായി ഇനി ഗ്രാമങ്ങളിലുള്ളവർക്ക് സർക്കാർ ഓഫീസ് കയറിയിറങ്ങേണ്ട. വീട്ടിലിരുന്ന് തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ സേവനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള പദ്ധതി പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു.
കോർപറേഷനിലും മുനിസിപ്പാലിറ്റിയിലും നടപ്പാക്കിയ എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ – സ്‌മാർട്ട്, 2025 ജനുവരി ഒന്നു മുതൽ ത്രിതല പഞ്ചായത്തുകളിലുമെത്തും. കരകുളം ഗ്രാമപഞ്ചായത്തിലും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലുമാണ് പൈലറ്റ് പദ്ധതി. ഏപ്രിൽ ഒന്നു മുതൽ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം കെ –- സ്‌മാർട്ട് നടപ്പാകും.
സ്വന്തം കെട്ടിടങ്ങൾ സംബന്ധിച്ച സർട്ടിഫിക്കറ്റുകളും സാക്ഷ്യപത്രങ്ങളും ഓൺലൈനിൽ ലഭ്യമാക്കാനും നികുതി . നിർമാണം പൂർത്തിയാകുമ്പോൾ തന്നെ കെട്ടിട നമ്പറും ബിൽഡിങ് സർട്ടിഫിക്കറ്റും ലഭിക്കും. ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളുടെയും നികുതി ഒരുമിച്ചടയ്‌ക്കാം. വിവാഹ സർട്ടിഫിക്കറ്റുകൾക്ക് ഇനി പഞ്ചായത്തിൽ നേരിട്ട് എത്തേണ്ടതില്ല. പരാതി പരിഹാര സംവിധാനവും ഉണ്ട്. അപേക്ഷകളുടെ തൽസ്ഥിതി ഓൺലൈനായി അറിയാനാകും. ഇതോടെ തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ കൂടുതൽ സുതാര്യവും അഴിമതി രഹിതവുമാകും.
നിലവിലുള്ള 14 ഇനം സേവനങ്ങൾക്കു പുറമേ അഞ്ച് മേഖലകളിൽ കൂടി സേവനം ലഭിക്കും. ജനുവരി ഒന്ന് മുതലാണ് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ പൊതുജനങ്ങൾക്കു ലഭ്യമാക്കാൻ കെ സ്‌മാർട്ട് ആരംഭിച്ചത്. വിവിധ സേവനങ്ങൾക്ക് വ്യത്യസ്‌ത സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കേണ്ട സാഹചര്യം മാറ്റി ഒറ്റ പ്ലാറ്റ്ഫോമിൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.