തൊടുപുഴ: മൂന്നാറില്‍ തണുപ്പുകാലം തുടങ്ങി. ഈ സീസണില്‍ ആദ്യമായി ഇന്നലെ താപനില പത്തുഡിഗ്രിയില്‍ താഴെയെത്തി. കുറഞ്ഞതാപനില 9.3 രേഖപ്പെടുത്തി. മഴ മാറിയതോടെയാണ് ശൈത്യകാലത്തിനു തുടക്കമായത്. രാത്രിയിലും പുലര്‍ച്ചെയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് അതിശക്തമാകും.
വടക്കുകിഴക്കന്‍ മണ്‍സൂണും ചക്രവാതച്ചുഴിയും കാരണം സംസ്ഥാനത്ത് ഇനിയും ശൈത്യകാലം ആരംഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മൂന്നാറില്‍ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. അന്ന് മൈനസ് ഒന്ന് ആയിരുന്നു താപനില.
വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൂന്നാറിലെ ഹില്‍സ്‌റ്റേഷന്‍. അവിടുത്തെ തണുത്ത കാലാവസ്ഥയാണ് ആളുകളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നത്. 2023ല്‍ ഏകദേശം 16.72 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്. ഇത് സംസ്ഥാനത്തെ മൊത്തം ആഭ്യന്തര സഞ്ചാരികളുടെ 7% ആയിരുന്നു. ഈ വര്‍ഷം വന്‍ തിരക്ക് ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട് മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
ഇത്തവണ വന്‍ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നതെന്ന് ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആരംഭിക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വര്‍ധിക്കുമെന്നും അദ്ദേഹം പറയുന്നു. ‘സ്‌കൂള്‍ പരീക്ഷകള്‍ സഞ്ചാരികളുടെ വരവിനെ ബാധിക്കും, അവധിക്കാലം ആരംഭിച്ചാല്‍, ടൂറിസം സീസണ്‍ നല്ലരീതിയിലേക്ക് മാറും, ജനുവരി പകുതി വരെ തിരക്ക് തുടരും,’ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരക്ക് കണക്കിലെടുത്ത് ഹില്‍ സ്റ്റേഷനില്‍ കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതോടൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുകയാണെന്നും മൂന്നാറിലെ സ്ഥിഗതികള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.