കാറിന്റെ ഡോറിനുള്ളിൽ കൈ കുടുക്കി റോഡിലൂടെ വലിച്ചിഴച്ചു; ആദിവാസി യുവാവിനോട് കൊടും ക്രൂരത

മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട നാട്ടുകാരനായ മാതനെയാണ് സംഘം അക്രമിച്ചത്.

 

ഞായറാഴ്ച വൈകീട്ടാണ് സംഭവം. അക്രമിസംഘം സഞ്ചരിച്ച കാർ പ്രദേശത്തെ ഒരു കടയുടെ മുന്നിൽനിർത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിന്നിൽ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാൻ ഇവർ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു.

 

ഇദ്ദേഹത്തിന്റെ കൈ കാറിന്റെ ഡോറിനുള്ളിൽ കുടുക്കി അരകിലോമീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. കൈകാലുകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

മലപ്പുറം രജിസ്ട്രേഷനിലുള്ളതാണ് കാർ. KL52 H 8733 നമ്പർ സെലേറിയോ കാറിന്റെ ഉടമ കുറ്റിപ്പുറം സ്വദേശിയായ പുല്ലംപാടം വീട്ടിൽ മുഹമ്മദ് റിയാസ് ആണെന്ന് മോട്ടോർവാഹന വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മലപ്പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ അടക്കം പുറത്തുവന്നതോടെ വലിയ ജനരോഷമാണ് ഉയരുന്നത്.

 

കബനി നദിയുടെ രണ്ട് കൈവഴികൾ സംഗമിക്കുന്ന സ്ഥലമാണ് കൂടൽക്കടവ്. ഇവിടെയുള്ള ചെക്ക് ഡാം സന്ദർശിക്കാൻ ധാരാളം സഞ്ചാരികളാണ് എത്താറ്. രണ്ട് കാറിലുണ്ടായിരുന്നവരും തമ്മിൽ ആദ്യം ഇവിടെവെച്ച് തർക്കമുണ്ടായി എന്നാണ് അറിയുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *