കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നും വന്ന കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനു മുൻപേ യുഎഇയിൽ നിന്നും വന്ന വയനാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇരുവരുടെയും റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കാനും കൂടുതൽ ഐസൊലേഷൻ സംവിധാനങ്ങൾ ക്രമീകരിക്കാനും ആരോഗ്യ മന്ത്രി നിർദേശം നൽകി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം(ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടമായതിനുശേഷം പകരുന്ന രോഗമാണ് എംപോക്സ്. കോവിഡോ എച്ച് 1 എൻ ഇൻഫ്ലുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല. വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഐസൊലേഷനിൽ തുടരേണ്ടതും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്.