കൽപ്പറ്റ:വയനാട് ജില്ല മുൻ ബി.ജെ.പി പ്രസിഡന്റ് കെ.പി. മധു കോൺഗ്രസിൽ ചേർന്നു. എം.എൽ.എമാരായ ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ എന്നിവരുമായി കെ.പി. മധു ഇതുസംബന്ധിച്ച് ചർച്ച നടത്തി. പ്രിയങ്ക ഗാന്ധി ഈ മാസം 30ന് ജില്ലയിലെത്തുമ്പോൾ കോൺഗ്രസിൽ അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
കെ.പി. മധുവിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് നീക്കം നടത്തിയത്. സന്ദീപ് വാര്യർ ബുധനാഴ്ച മധുവുമായി ചർച്ച നടത്തി. കോൺഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നൽകിയതായും മധു പറഞ്ഞു. കോൺഗ്രസിലേക്ക് വന്നാൽ ആരും അനാഥരാകില്ലെന്നും വെറുപ്പിന്റെ പ്രത്യയശാസ്ത്രം വെടിയുന്നവർക്ക് കോൺഗ്രസിൽ എത്താമെന്നും സന്ദീപ് വാര്യർ പ്രതികരിച്ചിരുന്നു.