കൊച്ചി: ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായാകനായെത്തിയ ‘മാർക്കോ’ സിനിമയുടെ വ‍്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. ആലുവ സ്വദേശി ആക്വിബ് ഹനാൻ (21) ആണ് പിടിയിലായത്. സിനിമയുടെ വ‍്യാജ പതിപ്പ് ടെലഗ്രാം വഴി പ്രചരിപ്പിച്ചെന്നും നിർമാതാക്കൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി. കൊച്ചി സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്ന് പ്രതിയായ ആക്വിബ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. തുടർന്ന് സിനിമയുടെ വ‍്യാജ പതിപ്പ് സോഷ‍്യൽ മീഡിയയിൽ ച്രരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് മുഹമ്മദ് ഷെരീഫാണ് പരാതി നൽകിയത്. നിർമാതാവിന്‍റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആലുവയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊലീസ് വിശദമായി ചോദ‍്യം ചെയ്ത് വരുകയാണ്.