കാസർകോട് :കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. നീലേശ്വരം കണിച്ചിറയിൽ റുമാൻ (12) ലെഹഖ്(11) എന്നിവരാണ് മരിച്ചത്. ‘കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ രണ്ട്പേരുടെ നില അതീവ ഗുരുതരമാണ്. അമ്മയും മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ചിരുന്ന മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയപാതയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു.മറ്റു മൂന്നു പേരെയും ആശുപത്രിയിലേക്ക് മാറ്റി. ബസ്സിൽ ഉണ്ടായിരുന്ന പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി