കോഴിക്കോട്: വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലർ മറിഞ്ഞ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം. ചങ്കുവെട്ടി സ്വദേശി എലിസയാണ് മരിച്ചത്.ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സ്ത്രീകളും കുട്ടികളും നിരവധിപേർക്ക് പരിക്കേറ്റിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് അപകടമുണ്ടായത്. കൂടരഞ്ഞി കുളിരാമുട്ടിയിലാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമായ പൂവാരംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലേക്ക് മടങ്ങി വരുന്നതിനിടെ ട്രാവലർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.