തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാർഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസില്‍ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിനതടവും ഒരുലക്ഷത്തിഅയ്യായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രേത്യേക കോടതി ശിക്ഷിച്ചു. മണക്കാട് സ്വദേശി മനോജി(44)നെയാണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവർഷം കൂടുതല്‍ തടവ് അനുഭവിക്കണം. വിവിധ വകുപ്പുകള്‍ പ്രകാരം വിധിച്ച 111 വർഷത്തെ തടവ് ഒരുമിച്ച് 30 വർഷം അനുഭവിച്ചാല്‍ മതിയാകും. പീഡനവിവരം അറിഞ്ഞ് പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.
കുട്ടിയുടെ സംരക്ഷകൻ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം ഒരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു. 2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം. സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. സ്പെഷല്‍ ക്ലാസുണ്ടന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രതി മൊബൈലില്‍ പകർത്തി.
സംഭവശേഷം ഭയന്ന് കുട്ടി ട്യൂഷന് പോകാതെയായി. വിഷയം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചുവരുത്തി വഴക്ക് പറയുകയും ചെയ്തുവത്രെ. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മില്‍ തർക്കവുമുണ്ടായി. തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ഈ സംഭവത്തിന് ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങള്‍ ഫോണില്‍ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാർ പൊലീസില്‍ പരാതി കൊടുക്കുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ കിട്ടിയിരുന്നു.
സംഭവ ദിവസം പ്രതി ഓഫിസില്‍ ആയിരുന്നുവെന്നും ഇതിനായി രജിസ്റ്ററില്‍ ഒപ്പിട്ട രേഖകളും ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രതിയുടെ ഫോണ്‍ രേഖകള്‍ പ്രകാരം പ്രതി സംഭവദിവസം ട്യൂഷൻ സെന്റർ പരിസരങ്ങളില്‍ ഉള്ളതായി തെളിഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. ഫോർട്ട് പൊലീസ് ഇൻസ്‌പെക്ടർമാരായ എ.കെ. ഷെറി, കെ.ആർ. ബിജു, ജെ. രാകേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്.