തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം അതിവേഗത്തിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസം ഒറ്റഘട്ടമായി നടപ്പാക്കും. എൽസ്റ്റോൺ എസ്റ്റേറ്റിന്റെ 58 ഹെക്‌ടറിലും നെടുമ്പാലയിലെ 48.96 ഹെക്ടറിലുമായി രണ്ട് ടൗൺഷിപ്പുകളാണ് വരുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ കരാർ നൽകിയിരിക്കുന്നത്. ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകും. വിലങ്ങാട് ദുരന്തബാധിതർക്കും 15 ലക്ഷവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തനിവാരണ വകുപ്പ് ആണ് ടൗൺഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പി്റെ ചുമതല വഹിക്കുക. മുഖ്യമന്ത്രി അധ്യക്ഷനായ പുനർനിർമാണ സമിതിക്കായിരിക്കും മേൽനോട്ട ചുമതല. ഇതിനായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ഉൾപ്പെട്ട ഉപദേശക സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ യോഗത്തിൽ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ പുനരധിവാസമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. തുടക്കം മുതൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാണ് സർക്കാർ ശ്രമിച്ചിരുന്നത്. പുനരധിവാസ പ്രവർത്തനം അതിവേഗത്തിൽ പൂർത്തീകരിക്കും. കിടപ്പാടം നഷ്‌ടപ്പെട്ട എല്ലാവരെയും ഒരുമിച്ച് ഒരു സ്ഥലത്ത് താമസിപ്പിക്കുക വയനാട്ടിൽ സാധ്യമല്ല. ഉപജീവനമാർഗം ഉൾപ്പെടെയുള്ള പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. സഹായം നൽകാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ചേർത്തുപിടിക്കും. എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.