പുതിയവര്‍ഷം പ്രതീക്ഷകളുടെതാണ്;അതിജീവനത്തിന്റെ പാതയിലാണ് വയനാട്

കൽപ്പറ്റ: പുതിയവര്‍ഷം പ്രതീക്ഷകളുടെതാണ്. അതിജീവനത്തിന്റെ പാതയിലാണ് വയനാട്. ദുരിതകാലങ്ങളുടെ മുറിവുണങ്ങി വയനാടിന് ഇനിയും മുന്നേറണം. ഇതിനായുള്ള സമഗ്രപദ്ധതികള്‍ തയ്യാറാക്കുകയാണ്. കുട്ടികളുമായുള്ള ജില്ലാ കളക്ടറുടെ ഗുഡ് മോണിങ്ങ് കളക്ടര്‍ പ്രതിവാര സംവാദ പരിപാടിയിലാണ് വയനാടിന്റെ പ്രതീക്ഷകളും വെല്ലുവിളികളുമെല്ലാം പങ്കുവെച്ചത്.

 

സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികളാണ് ഗുഡ്‌മോണിങ്ങ് കളക്ടര്‍ പരിപാടിയില്‍ പുതുവത്സര ദിനത്തില്‍ അതിഥികളായെത്തിയത്. വയനാടിന്റെ സാമ്പത്തിക ഉന്നമനത്തിന് ഏറെ പ്രാധാന്യമുള്ളതാണ് വിനോദ സഞ്ചാരം, കാര്‍ഷികം തുടങ്ങിയ മേഖലകള്‍. ഈ മേഖലകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ദുരന്തങ്ങള്‍ക്ക് ശേഷം സേഫ് ടൂറിസം എന്ന പേരില്‍ ജില്ലാ ഭരണകൂടം ക്യാമ്പെയിന്‍ നടത്തിയിരുന്നു. ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം, അഗ്രി ടൂറിസം എന്നിങ്ങനെ വിവിധ ശാഖകളായുള്ള വയനാട് ടൂറിസത്തെ തിരിച്ചു പിടിക്കും. ഇതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. എന്‍ ഊര് പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ദുരന്ത ലഘൂകരണത്തിന്റെ ഭാഗമായുള്ള മാറ്റി പാര്‍പ്പിക്കലിന് ഷെല്‍ട്ടറുകള്‍ തുടങ്ങിയവയുടെ വ്യാപനവും ആധുനിക സാങ്കേതിക വിദ്യയുടെ ലഭ്യതയും സാധ്യതയുമെല്ലാം ചർച്ച ചെയ്തു. ഉന്നത പഠനത്തിനായുള്ള ജില്ലയിലെ സൗകര്യങ്ങള്‍, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെ സമഗ്രമായ സംവാദത്തിന്റെ നിറവിലായിരുന്നു ഓഫീസിൽ പുതുവര്‍ഷദിനത്തിലെ ആദ്യ അരമണിക്കൂര്‍. യുവതലമുറയില്‍ വളരുന്ന ആത്മഹത്യ, ലഹരി എന്നിവയെല്ലാം അത്യധികം അമര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇതില്‍ നിന്നെല്ലാമുള്ള പിന്‍മാറ്റത്തിന്റെ വേദിയായിരിക്കണം കലാലയങ്ങള്‍.

 

മാനസികാരോഗ്യം പ്രധാനപ്പെട്ടതാണ്. ഇതെല്ലാം ഉള്‍ക്കൊണ്ട് കുട്ടികള്‍ക്ക് കൗമാരകാലം പിന്നിടാന്‍ കഴിയണമെന്നും ഓര്‍മ്മിപ്പിച്ചു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ഇതുവരെ കളക്ടറുടെ പ്രതിവാര ഗുഡ് മോണിങ്ങ് കളക്ടര്‍ പരിപാടിയില്‍ ഇതിനകം പങ്കെടുത്തു. ഭരണനിര്‍വ്വഹണം, അടിസ്ഥാന നിര്‍ദ്ദേശങ്ങളുടെ സമന്വയം എന്നിങ്ങനെയെല്ലാം സ്വാംശീകരിക്കുന്ന പുതിയ തലമുറകളുമായുള്ള സംവാദം ജില്ലയുടെയും വേറിട്ട അനുഭവമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *