ചൈനയില്‍ പുതിയ വൈറസ് വ്യാപനം, അടിയന്തരാവസ്ഥ?

ബീജിംഗ്: ചൈനയില്‍ വീണ്ടും വൈറസ് രോഗബാധ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രാജ്യത്തുടനീളം പടരുകയാണ് എന്നാണ് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നത്. കൊവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. വൈറസ് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

 

ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു. ചൈനയിലെ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് നിരവധി പേര്‍ എത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പോലും അവകാശവാദങ്ങളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമുണ്ടായിട്ടില്ല.

 

എച്ച്എംപിവി ഇന്‍ഫ്‌ലുവന്‍സ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയപ്പെടുന്നു. കൂടാതെ കൊവിഡിന് സമാനമായ ലക്ഷണങ്ങളും പ്രകടിപ്പിക്കാം. വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതേസമയം അജ്ഞാത ഉത്ഭവമുള്ള ന്യുമോണിയ കേസില്‍ നിരീക്ഷണ സംവിധാനം പൈലറ്റ് ചെയ്യുന്നതായി ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.

 

 

ശൈത്യകാലത്ത് ചില ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കേസുകള്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ലബോറട്ടറികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും രോഗ നിയന്ത്രണ, പ്രതിരോധ ഏജന്‍സികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും കൈകാര്യം ചെയ്യാനും വേണ്ട നടപടിക്രമം പുറത്തിറക്കും എന്ന് അറിയിച്ചിട്ടുണ്ട്.

 

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ വര്‍ധനവ് കാണിക്കുന്നു എന്നാണ് വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധനായ കന്‍ ബിയാവോ പറഞ്ഞു.

 

അടുത്തിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയവ ഉള്‍പ്പെടുന്നു. വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. കേസുകളുടെ വര്‍ധനവ് കണക്കിലെടുത്ത് ആരോഗ്യ വിദഗ്ധര്‍ രോഗ വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും മാസ്‌ക് ധരിക്കാനും ഇടയ്ക്കിടെ കൈ കഴുകാനും നിര്‍ദേശിച്ചിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *