നഷ്ടപരിഹാരം നല്‍കാതെ സ്വത്ത് ഏറ്റെടുക്കാനാകില്ല: സുപ്രീം കോടതി

ഡല്‍ഹി: സ്വത്തവകാശം ഭരണഘടനാപരമായ അവകാശമാണെന്നും നിയമാനുസൃതമായി മതിയായ നഷ്ടപരിഹാരം നല്‍കാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി.

 

1978ലെ 44ാം ഭരണഘടനാ ഭേദഗതി പ്രകാരം സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറി. എന്നാല്‍, ക്ഷേമ രാഷ്ട്രത്തില്‍ സ്വത്തവകാശം മനുഷ്യാവകാശമായും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300 എ പ്രകാരം ഭരണഘടനാപരമായ അവകാശമായും തുടരുന്നുവെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.

 

വ്യക്തിയുടെ സ്വത്ത് നിയമത്തിന്റെ വഴിയിലൂടെയല്ലാതെ അപഹരിക്കരുതെന്ന് ആര്‍ട്ടിക്കിള്‍ 300 എ വ്യവസ്ഥ ചെയ്യുന്നുവെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. ബെംഗളൂരു- മൈസൂരു ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ (ബി എം ഐ സി പി) പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലില്‍ വിധി പ്രസ്താവിക്കുകയായിരുന്നു സുപ്രീം കോടതി.

 

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് 2003 ജനുവരിയില്‍ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്‌മെന്റ് ബോര്‍ഡ് (കെ ഐ എ ഡി ബി) പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചുവെന്നും 2005 നവംബറില്‍ ഹരജിക്കാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തുവെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.ഭൂമുടമകള്‍ക്ക് കഴിഞ്ഞ 22 വര്‍ഷത്തിനിടെ നിരവധി തവണ കോടതിയുടെ വാതിലുകളില്‍ മുട്ടേണ്ടി വന്നു. എന്നാല്‍, യാതൊരു നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും സ്വത്തുക്കള്‍ നഷ്ടപ്പെട്ടുവെന്നും സുപ്രീം കോടതി പറഞ്ഞു.ആര്‍ട്ടിക്കിള്‍ 142 പ്രകാരം 2019 ഏപ്രില്‍ 22ലെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനും സ്പെഷ്യല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറോട് ബഞ്ച് നിര്‍ദേശിച്ചു.

 

പൊതുനന്മയുടെ പേരില്‍ എല്ലാ സ്വകാര്യ സ്വത്തുക്കളും ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നേരത്തേ വിധി പറഞ്ഞിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 39 (ബി) പ്രകാരം എല്ലാ സ്വകാര്യ സ്വത്തുകളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാന്‍ ആകുമെന്ന 1978 ലെ വിധി റദ്ദാക്കിക്കൊണ്ടാണ് ഒമ്പതംഗ ഭരണഘടനാ ബഞ്ച് വിധി പറഞ്ഞിരുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *